കോട്ടയം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുളള വാക്‌പോരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പിസി ജോര്‍ജ്. വാര്‍ത്താ സമ്മേളനത്തില്‍ അരമണിക്കൂര്‍ കെപിസിസി അധ്യക്ഷനെ പുലഭ്യം പറയാനും അപമാനിക്കാനും ശ്രമിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.

ജോണ്‍ ബ്രിട്ടാസ് എഴുതി കൊടുക്കുന്ന പ്രസ്താവന മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ അത് പോലെ വായിക്കുകയാണ്. അതിലും വലിയ നാണം കെട്ട പരിപാടി ഉണ്ടോ എന്നും പിസി ജോര്‍ജ് ചോദിച്ചു. പിണറായി വിജയനെ ഭരണത്തില്‍ എത്തിച്ചതും നിയന്ത്രിക്കുന്നതും അദൃശ്യ ശക്തിയാണ് എന്ന് താന്‍ നേരത്തെ പറഞ്ഞതാണ് ഇപ്പോള്‍ തെളിയുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്ഥാനത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. ഒന്ന് രണ്ട് മൂന്ന് എന്ന് എണ്ണി എപ്പോള്‍ പിരിയും എന്ന് നോക്കിയാല്‍ മതിയെന്നും തുടരാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖരെ എല്ലാം ഒഴിവാക്കിയിരിക്കുകയാണ്. സുധാകരനും രവീന്ദ്രനാഥും ശൈലജ ടീച്ചറുമെല്ലാം എവിടെ എന്നും പിസി ജോര്‍ജ് ചോദിച്ചു. സിപിഎമ്മുകാരെ നശിപ്പിച്ച്‌ കൊണ്ടാണ് പിണറായി വിജയന്റെ മുന്നേറ്റം. അതിനെ പാര്‍ട്ടിക്കാര്‍ തന്നെ എതിര്‍ക്കും. അതില്‍ സംശയം ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പിണറായിക്ക് ഇപ്പോഴും ലോക്കല്‍ സെക്രട്ടറിയുടെ മനസ്സാണെന്നും മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണം എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.