മിഷിഗൺ: ഡിട്രോയിറ്റ് നഗരപ്രാന്തത്തിലെ ഒരു സ്പ്ലാഷ് പാഡിന് നേരെ വെടിവയ്പ് നടത്തിയ സംഭവത്തിലെ പ്രതി ജീവനൊടുക്കി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒരു വീട്ടിൽ സ്വയം വെടിവച്ച് മരിച്ചനിലയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച പ്രതി നടത്തിയ വെടിവയ്പിൽ രണ്ട് ചെറിയ കുട്ടികളും അവരുടെ അമ്മയും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ എട്ട് വയസുള്ള ആൺകുട്ടിയുടെ നില ഗുരുതരമാണ്.
കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഈ കുട്ടിയുടെ സഹോദരനായ നാലു വയസുകാരനും പരിക്കേറ്റിട്ടുണ്ട്. അടിവയറ്റിലും കാലിലും മുറിവേറ്റ നിലയിൽ ഇവരുടെ അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.



