സ്പ്രിങ്ഫിൽഡ് ∙ മിലിട്ടറി ഡോക്ടർമാരായ ദമ്പതികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരെ സെക്കൻഡ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു.
ഡോക്ടർ എഡ്‌വേർഡ് മെക്ഡാനിയേൽ (55) റിട്ടയേർഡ് കേണൽ ബ്രിൻഡാ മെക്ഡാനിയേൽ (63) എന്നിവർ ബുധനാഴ്ച വീടിനു മുന്നിൽ വച്ചാണ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇവരുടെ ബന്ധുവും ബിസിനസ് പങ്കാളികളുമായ റോണി മാർഷൽ (20), സി. ആൻജലൊ സ്ട്രാൻഡ് (19) എന്നിവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.
മേയ് 24 തിങ്കളാഴ്ച വീട്ടിൽ കവർച്ച നടക്കുന്നതായി ദമ്പതിമാർ പൊലിസിനെ അറിയിച്ചിരുന്നു. റോണിയും ആൻജലൊയുമാണു വീട്ടിൽ കവർച്ചയ്ക്കു ശ്രമിച്ചത്. ഇതുസംബന്ധിച്ചു വാക്കുതർക്കം ഉണ്ടായതായും, യുവാക്കളുടെ പേരിൽ കേസെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളിൽ ഡി. ആൻജലൊയെ ഇന്നലെ രാവിലെ പൊലീസ് പിടികൂടിയിരുന്നു. വൈകിട്ട് റോണിയെയും കസ്റ്റഡിയിലെടുത്തു.
1995 മുതൽ മിലിട്ടറി ഡോക്ടറായി സേവനം അനുഷ്ഠിച്ചുവരികയാണ് എഡ്‌വേർഡ്. വിശിഷ്ഠ സേവനത്തിനു നിരവധി അവാർഡുകൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1983 മുതൽ 2009 വരെ മെഡിക്കൽ സർജറി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിൻഡയും നിരവധി അവാർഡിനർഹയായിരുന്നു.



