മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കിഴക്കമ്പലം സ്വദേശി ഷമീര്‍, തോപ്പുംപടി സ്വദേശി സജാര്‍ , ഇടുക്കി സ്വദേശി മണി ഭാസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ചയാണ് ഇരുമ്പനത്ത് ദേശീയ പതാകകള്‍ മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തിയത്.

പ്രതികളെ തൃപ്പുണിത്തുറ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവര്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും മാലിന്യം ശേഖരിച്ച് യാര്‍ഡില്‍ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുക ആയിരുന്നുവെന്നാണ് കണ്ടെത്തല്‍.

കടത്തു കടവില്‍ റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ബഹുമാനപൂര്‍വം പതാക മടക്കിയെടുക്കുകയായിരുന്നു.

ശ്മശാനത്തിനു സമീപമുള്ള സ്ഥലത്ത് ടിപ്പറില്‍ കാെണ്ടു വന്നാണ് മാലിന്യം തള്ളിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യക്കൂമ്പാരത്തില്‍ നിരവധി ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു.

ദേശീയപതാകകള്‍ക്ക് പുറമെ കോസ്റ്റ് ഗാര്‍ഡിന്റെ ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ളവ മാലിന്യത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.