ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച പൊലീസുകാരന് അനുമോദനവുമായി മേജര്‍ രവി. മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദേശീയ പതാകയുമുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ അമല്‍ എന്ന പൊലീസുകാരനെ നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കാനാണ് മേജര്‍ രവി എത്തിയത്.
മേജര്‍ രവിയുടെ വാക്കുകള്‍:
”ഇന്ന് ഒരു പൊലീസുകാരന്‍ എന്നെഅതിശയിപ്പിച്ചു. ഒരു കുപ്പത്തൊട്ടിയില്‍ നമ്മുടെ ദേശീയ പതാക വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നത് വാര്‍ത്തകളില്‍ കണ്ടതാണ്. അത് കണ്ട തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ അമല്‍ എന്ന പൊലീസുകാരന്‍ ആദ്യം ചെയ്തത് ആ പതാകയ്ക്ക് ഒരു സല്യൂട്ട് കൊടുത്തുകൊണ്ട് പതാകകളെല്ലാം വാരിക്കെട്ടി വണ്ടിക്കയ്കത്ത് ഇടുകയായിരുന്നു. പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടിട്ട് അദ്ദേഹത്തെ കാണാന്‍ ഞാനിന്ന് പൊലീസ് സ്റ്റേഷനില്‍ വന്നിരിക്കുകയാണ്. നിങ്ങള്‍ ഓരോ ചെറുപ്പക്കാരും ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യൂ. നിങ്ങള്‍ക്കെല്ലാം വേണ്ടി ഞാന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയാണ്. ഇത് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു പാഠമാകണം.
കുപ്പത്തൊട്ടിയില്‍ ദേശീയപതാക കിടക്കുന്നതറിഞ്ഞ അമല്‍ എന്ന പൊലീസുകാരന്‍ കേസ് അന്വേഷിക്കുന്ന സംഘത്തോടൊപ്പമാണ് അവിടെ എത്തിയത്. അവിടെയെത്തിയ അദ്ദേഹം ആദ്യം ചെയ്തത് പതാകയെ നോക്കി സല്യൂട്ട് അടിക്കുകയായിരുന്നു. ”ഇത് എന്റെ ദേശീയ പതാക ആണ് ഇതിനെ ഇനി ഞാന്‍ അപമാനിക്കാന്‍ അനുവദിക്കില്ല” എന്നാണു അദ്ദേഹം പറഞ്ഞത്. അതിനു ശേഷം അദ്ദേഹം അവയെല്ലാം പെറുക്കി ജീപ്പില്‍ വച്ചു. അമല്‍ എന്ന പൊലീസുകാരനോട് എനിക്ക് നിറഞ്ഞ സ്‌നേഹമുണ്ട്. എന്റെ പതാക എന്റെ അഭിമാനമാണ്.



