ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ മൂത്ത മകൻ ബ്രൂക്ക്ലിൻ ബെക്കാമുമായുള്ള ഒരു മില്ല്യൺ പൗണ്ടിന്റെ (9,60,68,170 രൂപ) കരാർ റദ്ദാക്കി ഫാഷൻ രംഗത്തെ മുൻനിര കമ്പനിയായ സൂപ്പർഡ്രൈ. ബ്രൂക്ക്ലിനെ ബ്രാന്റ് അംബാസഡറായി പ്രഖ്യാപിച്ച് എട്ടു മാസങ്ങൾക്കുള്ളിലാണ് സൂപ്പർഡ്രൈ ഞെട്ടിക്കുന്ന തീരുമാനമെടുത്തത്. 

അംബാസഡർമാരുടെ പ്രകടനം കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യാറുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ബെക്കാമിന്റെ മകനുമായുള്ള കരാർ അവസാനിപ്പിച്ചതെന്നുമാണ് സൂപ്പർഡ്രൈയുടെ വിശദീകരണം. എന്നാൽ ബ്രൂക്ക്ലിന്റെ വ്യക്തിജീവിതം സൂപ്പർഡ്രൈയുടെ മൂല്യങ്ങളുമായി ഒത്തുപോകാത്തതാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

മൃഗങ്ങളുടെ തോൽ ഒഴിവാക്കിയുള്ള ഫാഷൻ സംസ്കാരം വളർത്തുക എന്നതാണ് സൂപ്പർഡ്രൈയുടെ ലക്ഷ്യം. സസ്യാഹാരവും കമ്പനി പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഷെഫ് ആയി ജോലി ചെയ്യുന്ന ബ്രൂക്ക്ലിൻ മാംസാഹാരപ്രിയനാണ്. കൂടാതെ മാംസം പാചകം ചെയ്യുന്നത് അടക്കമുള്ള വീഡിയോകൾ ബ്രൂക്ക്ലിൻ യുട്യൂബ് ചാനലിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇതേ വ്യക്തി സൂപ്പർഡ്രൈയുടെ അംബാസഡറായത് വിരോധാഭാസമാണെന്ന് വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ തീരുമാനം പുറത്തുവന്നത്.

23-കാരനായ ബ്രൂക്ക്ലിൻ പാചകം വളരേയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പല തരത്തിലുള്ള പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ബ്രൂക്ക്ലിന് ഇൻസ്റ്റഗ്രാമിൽ 14 മില്ല്യൺ ഫോളോവേഴ്സ് ആണുള്ളത്. 

ആദ്യകാലത്ത് അച്ഛന്റെ പാത പിന്തുടർന്ന് ഫുട്ബോൾ താരമാകാനായിരുന്നു ആഗ്രഹം. പിന്നീട് വഴിമാറി ന്യൂയോർക്കിലെ പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിൽ ഫോട്ടോഗ്രഫി പഠനത്തിന് ചേരുകയായിരുന്നു. അതിനുശേഷമാണ് പാചകത്തിലേക്ക് തിരിഞ്ഞത്.