ക്വാലാലംപൂര്‍: മലേഷ്യയില്‍ രണ്ട്​ എല്‍.ആര്‍.ടി ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌​ നിരവധി പേര്‍ക്ക്​ പരിക്ക്​. 206ഓളം പേര്‍ക്ക്​ പരിക്കേറ്റുവെന്നാണ്​ റിപ്പോര്‍ട്ട്​. ക്വാലാലംപൂരിലെ കെലാന ജയ ലൈനിലാണ്​ അപകടം. ഇതില്‍ 47 പേരുടെ പരിക്ക്​ ഗുരുതരമാണ്​. 166 പേര്‍ക്ക്​ നിസാര പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു.

 

പരിക്കേറ്റവരെ ക്വാലാലംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്ലാതെ എത്തിയ ട്രെയിനുമായി മറ്റൊന്ന്​ കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായതെന്ന്​ ഫെഡറല്‍ ടെറിറ്ററി മിനിസ്റ്റര്‍ അനുര്‍ മൂസ പറഞ്ഞു. അംപാങ്​ സ്​റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ടവരാണ്​ അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒാപ്പറേഷന്‍ സെന്‍ററിലെ ആശയവിനിമയത്തിലുണ്ടായ പിഴവാണ്​ അപകടത്തിലേക്ക്​ നയിച്ചതെന്നാണ്​ പ്രാഥമിക സൂചന. ഇതേക്കുറിച്ച്‌​ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.