മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ലിതാരയുടെ അമ്മ. ലിതാരയുടെ കോച്ച് രവിംസിംഗിന്റെ ആളുകളാണ് ഇവര്‍ എന്ന് വീട്ടുകാര്‍ ആരോപിച്ചു . 25 ലക്ഷം രൂപ നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്‌തെന്നും കുടുംബം പറയുന്നു. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.

വീട്ടിലെത്തയവര്‍ കൊണ്ടുവന്ന മുദ്രപ്പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഒപ്പിടാന്‍ കൂട്ടാക്കാതെവന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒപ്പിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലളിത ബഹളം വെച്ചതോടെ ഇവര്‍ വീട്ടില്‍നിന്ന് ഓടിപ്പോകുകയായിരുന്നു.ഏപ്രില്‍ 26-നാണ് പട്‌ന ദാനാപുരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോച്ച് രവിസിങ്ങിന്റെ നിരന്തരമായ മാനസികപീഡനമാണ് ലിതാരയുടെ മരണത്തിനിടയാക്കിയതെന്ന് എന്നാരോപിച്ച് ലിതാരയുടെ കുടംബാംഗങ്ങള്‍ രംഗത്ത് വരികയും, ബിഹാര്‍ പൊലീസില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു.

സംഭവം നടന്നിട്ട് നാല് മാസം കഴിഞ്ഞിട്ടും ആരോപണവിധേയനായ കോച്ച് അടക്കമുള്ള ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.2018-ല്‍ ദേശീയചാമ്പ്യന്മാരായ കേരള ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ലിതാര. റെയില്‍വേയില്‍ ധാനാപുരില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്ത് വരികയായിരുന്നു.