മറുനാടൻ മലയാളിയുടെ പട്ടത്തെ ഓഫിസിൽനിന്ന് ഷാജൻ സ്കറിയയെ താഴെയിറക്കുമെന്നും ഓഫിസ് പൂട്ടിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി പി.വി അൻവർ എം.എൽ.എ. വ്യാജരേഖ ചമച്ച് നേടിയ രജിസ്ട്രേഷൻ റദ്ദാക്കിക്കുമെന്നും വ്യാജരേഖാ നിർമാണ കേസിൽ വീട്ടിലിരിക്കുന്നവരെയുൾപ്പെടെ നിയമപ്രകാരം തന്നെ പ്രതികളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. തടുക്കാനൊക്കുമെങ്കിൽ തടുത്ത് കാണിക്കെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മറുനാടൻ ഷാജൻ സ്കറിയയോടാണ്…
1. നിന്റെ പട്ടത്തെ ഓഫിസിൽനിന്ന് നിന്നെ താഴെ ഇറക്കും. അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട. വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്. “പൂട്ടിക്കും” എന്നാണ് പറഞ്ഞത്.
2. രജിസ്ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ ചമച്ച്, നീ രജിസ്റ്റർ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്പനിയുടെ നിലവിലെ രജിസ്ട്രേഷൻ കാൻസൽ ചെയ്യിപ്പിച്ചിരിക്കും.
3. വ്യാജരേഖ ചമച്ച വിഷയത്തിൽ പരാതി നൽകും. നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്? നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉൾപ്പെടെ വ്യാജരേഖാ നിർമാണ കേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും.
ഈ പറയുന്ന മൂന്നും നടക്കും. നടന്നിരിക്കും. കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങൾ എന്നങ്ങ് ആദ്യമേ പറയുന്നു. തടുക്കാനൊക്കുമെങ്കിൽ നീ ഒന്ന് തടുത്ത് കാണിക്ക്… പിന്നെ ഏഷ്യാനെറ്റിലെ നിന്റെ കൂട്ടുകാരുടെ കാര്യം. അതുങ്ങൾടെ പാട് അതുങ്ങൾക്കറിയാം.



