തിരുവനന്തപുരം: കേരളത്തിന്റെ മനസാക്ഷിയെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹമിരുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുക, കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹം.

മരണം വരെ നീതിക്കായി പോരാടുമെന്ന് കുട്ടികളുടെ കുടുംബം പറഞ്ഞു. ആദ്യം മുതല്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ആ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നു. കേസ് തുടക്കത്തില്‍ അന്വേഷിച്ച വാളയാര്‍ എസ്‌ഐ പി.സി. ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സോജന്‍ എന്നിവരെയടക്കം സര്‍വീസില്‍ നിന്ന് പുറത്താക്കണം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച്‌ മാസങ്ങളായിട്ടും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.

വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ അച്ഛനമ്മമാര്‍ സത്യഗ്രഹം ആരംഭിച്ചത്. 2017 ജനുവരി 13നും മാര്‍ച്ച്‌ നാലിനുമാണ് സഹോദരിമാരായ പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.