തിരുവനന്തപുരം:സർക്കാരിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ മുഖ്യമന്ത്രിയുടേതുൾപ്പെടെ ഓരോ മന്ത്രിയുടെയും ഓഫീസിൽ പാർട്ടി ഘടകമായ ഓരോ ബ്രാഞ്ച് കമ്മിറ്റി സി.പി.എം. രൂപവത്കരിച്ചു. സി.പി.എമ്മിന്റെ മന്ത്രിമാരുടെ ഓഫീസുകളിലാണ് പാർട്ടി ഘടകമുള്ളത്. ഇടതുപക്ഷ സർക്കാരിൽ ആദ്യമായാണ് ഇത്തരമൊരു പരിഷ്‌കാരം സി.പി.എം. നടപ്പാക്കുന്നത്.
സി.പി.ഐ. മന്ത്രിമാരുടെ സ്റ്റാഫിൽ ഓരോ കൺവീനർമാരെ നിയോഗിച്ചിട്ടുണ്ടെന്നത് മാത്രമാണ് പാർട്ടിതലത്തിലുള്ള ഇടപെടൽ. സർക്കാരിൽ പാർട്ടിയുടെ ‘സെൽഭരണം’ എന്ന പേരുദോഷം ഉണ്ടാകരുതെന്ന് മന്ത്രിമാരുടെ സ്റ്റാഫിന് നേരത്തേ സി.പി.എം. നിർദേശം നൽകിയിരുന്നു. ഇപ്പോൾ സർക്കാർതലത്തിൽ ‘പാർട്ടി സെൽ’ രൂപവത്കരിച്ചാണ് സി.പി.എം. രാഷ്ട്രീയ ഇടപെടൽ നടത്തുന്നത്.
സർക്കാർ സർവീസിന് പുറത്തുള്ളവരിൽ പാർട്ടി അംഗത്വമുള്ളവരെ മാത്രമാണ് സി.പി.എമ്മും സി.പി.ഐ.യും ഇത്തവണ മന്ത്രിമാരുടെ സ്റ്റാഫിൽ നിയമിച്ചിട്ടുള്ളത്. ഓരോ പാർട്ടി അംഗങ്ങളും അവരുടെ പ്രാദേശിക ഘടകത്തിൽതന്നെ തുടരുന്ന രീതിയായിരുന്നു ഇതുവരെ ഇരുപാർട്ടിയിലുമുള്ളത്. ആ രീതി സി.പി.എം. മാറ്റി. ഓരോ മന്ത്രിയുടെ ഓഫീസിലും പത്തിലധികം പേർ പാർട്ടി അംഗത്വമുള്ളതിനാൽ, ആ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ബ്രാഞ്ച് രൂപവത്കരിച്ചു. എ.കെ.ജി. സെന്റിറിനു കീഴിലുള്ള ബ്രാഞ്ചായാണ് ഇത് പ്രവർത്തിക്കുക.



