മന്ത്രിസഭാ പുനഃസംഘടനയില്‍ ചര്‍ച്ച പിന്നീടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പാര്‍ട്ടി സെക്രട്ടറിയായി എം വി ഗോവിന്ദനെ സംസ്ഥാന കമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയില്‍ തീരുമാനമുണ്ടായതാല്‍ അത് മറച്ചുവെക്കില്ല. ഇന്ന് സംസ്ഥാന കമ്മിറ്റി പിരിഞ്ഞു. നാളെ സെക്രട്ടേറിയേറ്റ് ചേരില്ല. ഇനിയുള്ള കാര്യങ്ങളില്‍ ആലോചിച്ച് വേണ്ട തീരുമാനം കൈക്കൊള്ളും’ ഇ പി ജയരാജന്‍ പറഞ്ഞു.
എക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എം വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നതോടെ കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറോ, മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയോ ചുമതലയില്‍ എത്തിയേക്കാം എന്നും സൂചനയുണ്ട്. ഇതിന് പുറമേ മന്ത്രിസഭയില്‍ കൂടുതല്‍ മാറ്റം വന്നേക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.



