കണ്ണൂർ: ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അർജുൻ ആയങ്കി. മനു തോമസിനെതിരെയുള്ള ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട. അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല എന്നും അർജുൻ ആയങ്കി പ്രതികരിച്ചു.
തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ? ഒരാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ? ജയിലിലേക്ക് പോയതോടെ പാർട്ടി ബന്ധം ഉപേക്ഷിച്ചയാളാണ് താൻ. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല എന്നും അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.
ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ
സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല.
മനഃപൂർവ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും.
ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ.?
അയാൾക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ.?
ഒരു കേസിൽപെട്ട് ജയിലിലേക്ക് പോവുന്നതിന് മുൻപേ ഈ പാർട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവെച്ചിട്ട് പോയ ആളാണ് ഞാൻ, അതിന് ശേഷം ദാ ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകൾ ഇവിടെയുണ്ടായിട്ടില്ല.
മൂന്ന് രൂപയുടെ മെമ്പർഷിപ്പ് പോലുമില്ല.
ഇത് അനാവശ്യ വിവാദമാണ്,
ഊതിവീർപ്പിച്ചത് ചില തല്പരകക്ഷികളാണ്.
ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല.
ആരോപണം ഉന്നയിച്ചയാൾ ഞാനല്ല എങ്കിലും
ആരോപണം നേരിട്ട് ഇരവാദം പറയുന്ന,
ആദർശധീരനെന്ന് വാഴ്ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.



