കെകെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്.
മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഎം നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
എന്നാൽ അതേ സമയം, എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വിഷയത്തിൽ എംഎം മണിക്കൊപ്പമില്ല. പരാമര്‍ശം പാടില്ലായിരുന്നുവെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കെ.കെ രമക്കെതിരായ പദപ്രയോഗം എം എം മണിക്ക് ഒഴിവാക്കാമായിരുന്നു. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
എം എം മണിയുടെ പരാമർശം പറയാൻ പാടില്ലാത്തത് ആയിരുന്നുവെന്ന് ആ സമയം സഭയിൽ ചെയറിൽ ഉണ്ടായിരുന്ന സിപിഐ എംഎൽഎ ഇ കെ വിജയൻ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. മണി മാപ്പു പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോഴാണ് ഇ കെ വിജയൻ അടുത്തുള്ള ഉദ്യോഗസ്ഥനോട് ഇക്കാര്യം പറയുന്നത്.