ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി അസോസിയേഷനായ നവ കേരള മലയാളി അസോസിയേഷൻ മൂന്നു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളി മനസുകളിൽ നിറസാന്നിധ്യമാണ്.
ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്ന നവ കേരള മലയാളി അസോസിയേഷൻ രൂപീകൃതമായി മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വർഷത്തിൽ മൂന്ന് നിർധന കുട്ടികൾക്ക് കൈത്താങ്ങ് ആവുകയാണ്.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി സർക്കാർ ഹൈസ്കൂളിൽ കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയ്ക്കാണ് നവകേരള മലയാളി അസോസിയേഷന്റെ ആദ്യം സഹായം നൽകുന്നത്.
എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയെ ആദരിക്കാൻ സ്കൂൾ പിടിഎ അധികൃതരും ക്ലാസ് ടീച്ചർ വിധു നഹറും മറ്റു ടീച്ചർമാരും വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയുടെ ദുരിത പൂർണമായ ജീവിതം മനസിലാക്കാൻ സാധിച്ചത്.
മഞ്ജിമയുടെ ജീവിത സാഹചര്യം മനസിലാക്കി നവ കേരള മലയാളി അസോസിയേഷൻ പ്രവർത്തകർ മറ്റൊന്നും ആലോചിക്കാതെ ആദ്യത്തെ വീട് മഞ്ജിമയ്ക്ക് തന്നെ പണിത് നൽകുവാൻ തീരുമാനിച്ചു.
ഈ വിവരം നവ കേരള മലയാളി അസോസിയേഷന്റെ ട്രഷറർ സൈമൺ പാറത്താഴം അവരെ അറിയിക്കുകയും ചെയ്തു. നവ കേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് സുശീൽ നാലക്കത്ത് ജൂൺ മാസത്തിൽ തന്നെ വീടിന് തറക്കല്ല് ഇടുമെന്നും വീടിന്റെ പണി ആരംഭിക്കുമെന്നും അറിയിച്ചു.
നവ കേരള മലയാളി അസോസിയേഷൻ തുടർന്നും ഇത്തരം പ്രവർനങ്ങൾ നടത്തുമെന്നും എല്ലാവര സഹകരണങ്ങളും പിന്തുണയും ഉണ്ടാവണമെന്ന് സെക്രട്ടറി ലിജോ പണിക്കർ പറഞ്ഞു.



