മഞ്ചേരി: കൊറോണ പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച റിമാന്റ് പ്രതികള്‍ ആശുപത്രി വളപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച്‌ കടന്നുകളഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം.

ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ കോഴിക്കോട് കല്ലായി സ്വദേശി കൈന്നല്‍പറമ്ബില്‍ വീട്ടില്‍ നൗഷാദ് എന്ന റംഷാദ്(19), പോക്‌സോ കേസില്‍ പ്രതിയായ എടവണ്ണ പൊന്നാട് സ്വദേശി കുറ്റിക്കാട്ടില്‍ മെഹബൂബ്(22) എന്നിവരാണ് രക്ഷപ്പെട്ടത്. പോലീസിന്റെ കണ്ണുവെട്ടിച്ച്‌ പുറത്തുചാടിയ ഇരുവരും ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ പോയ മഞ്ചേരി-കിഴിശ്ശേരി റൂട്ടിലൂടെ പോലീസ് പിന്തുടര്‍ന്നെങ്കിലും വഴിയില്‍ ഉപേക്ഷിച്ച ബൈക്ക് മാത്രമാണ് ലഭിച്ചത്.

റംഷാദിനെതിരെ കൊണ്ടോട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജ്, വടകര പോലീസ് സ്‌റ്റേഷനുകളില്‍ നിലവില്‍ കേസുകളുണ്ട്. മെഹബൂബിനെതിരെ വാഴക്കാട് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില റിമാന്റ് പ്രതികള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്ബ് സ്രവ പരിശോധനടത്തുന്നത്. ഇതിനായി സാമ്ബിള്‍ നല്‍കി ഫലം വരുന്നതിനായി കാത്തിരിക്കുന്നതിനിടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.