ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വിയന്നയിലെ ഷോകൾ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് റദ്ദാക്കിയതായി റിപ്പോർട്ട്. ഷോ നടക്കാനിരുന്ന ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ ആസൂത്രിതമായ തീവ്രവാദി ആക്രമണം സർക്കാർ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതോടെ ആണ് തീരുമാനിച്ചിരുന്ന മൂന്ന് ഷോകൾ റദ്ദാക്കിയത്.

“ഭീകരാക്രമണ ഭീഷണിയെ തുടർന്ന് എല്ലാവരുടെയും സുരക്ഷയ്ക്കായി ഷെഡ്യൂൾ ചെയ്ത മൂന്ന് ഷോകൾ റദ്ദാക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല,” എന്ന് നഗരത്തിലെ ഇവൻ്റ് ഓർഗനൈസർ ആയ ബരാകുഡ മ്യൂസിക് ബുധനാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

അതേസമയം സ്വിഫ്റ്റിൻ്റെ ടീം കൈകാര്യം ചെയ്യുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ടെയ്‌ലർ നേഷൻ ഈ സന്ദേശം വീണ്ടും പോസ്റ്റ് ചെയ്തു. പോസ്റ്റ് അനുസരിച്ച്, എല്ലാ ടിക്കറ്റുകളും റീഫണ്ട് ചെയ്യപ്പെടും, ടിക്കറ്റ് ഉടമകൾക്ക് റീഫണ്ട് അഭ്യർത്ഥിക്കാൻ വെബ്സൈറ്റ് സന്ദർശിക്കാം എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

“എല്ലാ ടിക്കറ്റുകളും അടുത്ത 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സ്വയമേവ റീഫണ്ട് ചെയ്യപ്പെടും,” എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ സ്വിഫ്റ്റ് ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ എക്‌സിൽ പരിപാടി റദ്ദാക്കിയതിലുള്ള നിരാശ പങ്കുവെക്കുകയും സ്ഥിതി ഗുരുതരമാണെന്ന് പറയുകയും ചെയ്തു. ഭീഷണി നേരത്തെ തിരിച്ചറിഞ്ഞ് ദുരന്തം തടയുന്നതിന് മുൻകൈ എടുത്ത് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം സ്വിഫ്റ്റിൻ്റെ വരാനിരിക്കുന്ന സംഗീതകച്ചേരികൾ ഉൾപ്പെടെ വിയന്നയിലെ പ്രധാന പരിപാടികളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ഓസ്ട്രിയൻ ഫെഡറൽ, സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തവരിൽ ഒരാൾ ഐഎസിനോട് കൂറ് പുലർത്തുന്നതായി  ആരോപിക്കപ്പെടുന്ന 19 വയസ്സുകാരനാണെന്ന് വിയന്ന സ്റ്റേറ്റ് പോലീസ് ഡയറക്ടർ ഫ്രാൻസ് റൂഫും പോലീസ് മേധാവി ജെർഹാർഡ് പർസ്റ്റലും ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിയന്നയിലെ പ്രധാന ഇവൻ്റ് സൈറ്റുകൾ ആക്രമിക്കാൻ ഇവർക്ക് പദ്ധതികളുണ്ടായിരുന്നു എന്നും എങ്ങനെ ആക്രമണം നടത്തണം എന്നതിനെക്കുറിച്ച് കൃത്യമായതും വിശദവുമായ പദ്ധതികൾ അവർക്കുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

19 കാരനെ അറസ്റ്റ് ചെയ്തപ്പോൾ ബോംബ് സ്ക്വാഡ് രാസവസ്തുക്കൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഈ പദാർത്ഥങ്ങൾ ബോംബ് നിർമ്മിക്കാൻ ഉപയോഗിച്ചതാണോ എന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.