പത്തനംതിട്ട | ഭാര്യയെ മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി. കോന്നി അട്ടച്ചാക്കല്‍ മണിയന്‍പാറ മുട്ടത്തു വടക്കേതില്‍ ഗണനാഥന്‍ (67), രണ്ടാം ഭാര്യ രമണി (58) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടു മണിയോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്ന ഗണനാഥന്‍ അയല്‍വാസികളോട് ഭാര്യ മരിച്ചതായി പറയുകയായിരുന്നു. ആളുകള്‍ വീടിനുള്ളില്‍ രമണിയെ മരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഗണനാഥനെ തിരയുന്നതിനിടയില്‍ 11 മണിയോടെ അച്ചന്‍ കോവിലാറ്റില്‍ കാവുംപുറത്ത് കടവില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആയിരുന്നു. രമണിയുടെ മൃതദേഹത്തിന് സമീപം രക്തം കണ്ടത് കൊലപാതകമാണെന്ന് ആദ്യം സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ രമണിയുടെ മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍ ഇല്ലെന്നും മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

രമണിയുടെ മരണത്തെ തുടര്‍ന്ന് കഴുത്ത് അറുത്ത് മരിക്കാന്‍ ശ്രമിച്ച ഗണനാഥന്‍ പിന്നീട് ആറ്റില്‍ ചാടുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനു, കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി എസ് രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.