കാലിഫോർണിയ: കാലിഫോർണിയയിലുള്ള ഇർവിനിൽ ഭരതനാട്യരംഗത്തെ ആറ് പ്രമുഖ ഗുരുക്കന്മാരെ അണിനിരത്തി ഏകതാ സെന്റർ ‘ഡാൻസ് കോൺവർസേഷൻസ്’ എന്ന പരിപാടി സംഘടിപ്പിച്ചു. യു.എസിൽ ഭരതനാട്യ കലാരൂപത്തിന് അടിത്തറയിട്ട കാതറിൻ കുഞ്ഞിരാമൻ, ഹേമ രാജഗോപാലൻ, രത്ന കുമാർ, മൈഥിലി കുമാർ, വിജി പ്രകാശ്, രമ്യ ഹരിശങ്കർ എന്നിവരാണ് ഈ വേദിയിൽ ഒത്തുചേർന്നത്.
അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട തങ്ങളുടെ നൃത്താവിഷ്കാരങ്ങളുടെ ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ചതിനൊപ്പം വേദിയിൽ ഇവർ ഹ്രസ്വമായ അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിച്ചു. യു.എസിലെ ഇന്ത്യൻ ശാസ്ത്രീയ നൃത്ത ശാഖയുടെ ചരിത്രപരമായ വളർച്ചയെ അടയാളപ്പെടുത്തിയ ഈ സംഗമം, കലയോടുള്ള ഇവരുടെ ആയുഷ്കാല സമർപ്പണത്തിന്റെ സാക്ഷ്യപത്രമായി മാറി.



