ഭരണഘടനയെ ബ്രിട്ടീഷ് താല്പര്യാർഥവും അർഥവത്തല്ലാത്തതുമെന്ന് വിശേഷിപ്പിച്ച് പ്രസംഗിച്ച സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ഭരണഘടനാ നിയമ- രാഷ്ട്രീയ വിദഗ്ധരും പൊതു സമൂഹവും ആവശ്യപ്പെട്ടു .ഇന്നലെ സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മറ്റി പരിപാടിയിൽ പങ്കെടുക്കവേ ആണ് മന്ത്രി ഇന്ത്യൻ ഭരണഘടനയെ അതിരൂക്ഷവും നിന്ദ്യവുമായ ഭാഷയിൽ വിമർശിച്ചത് . ” ജനങ്ങളെ കൊള്ളയടിക്കാനും ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിയതെന്നും പറഞ്ഞ സജി ചെറിയാൻ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് നമ്മുടേതെന്നും , മുക്കിലും മൂലയിലും ജനാധിപത്യം ,മതേതരത്വം ,കുന്തം ,കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഉദ്ദേശ്യം” എന്ന് കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലുതും സ്വതന്ത്രവുമായ ഭാരതത്തിൻ്റെ ഭരണഘടനയെ ശരിയായി പഠിക്കാതെയും അതിൻ്റെ ആമുഖം ഒന്ന് വായിച്ചു നോക്കാതെയും മന്ത്രിയായി ഭരണഘടനയെ തൊട്ട് സത്യം ചെയ്ത സജി ചെറിയാൻ ഇപ്പോൾ ഭാരത ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലയ്ക്ക് നേരെ ആരോപണം ഉന്നയിക്കുന്നത് അതീവ ഗുരുതരമാണ് .നിലവിലെ മലീമസമായ ആരോപണങ്ങളാൽ അപഖ്യാതിയും പ്രതിച്ഛായാ നഷ്ടവും നേരിടുന്ന സംസ്ഥാന ഗവൺമെൻ്റ് തങ്ങൾക്ക് നേരെ തിരിഞ്ഞിരിക്കുന്ന ജനവികാരത്തെയും പ്രതിഷേധങ്ങളെയും ശ്രദ്ധതിരിച്ചുവിടാൻ കുറച്ചു നാളുകളായി നടത്തുന്ന നാടകത്തിൻ്റെ ഭാഗമാണോ ഇത് എന്ന് സംശയിക്കണം .എങ്കിൽ അതിന് ഭരണഘടനയെ കൂട്ടുപിടിച്ചത് സത്യപ്രതിജ്ഞാലംഘനവും നിയമവിരുദ്ധവുമാണ് .അതിനാൽ തൻ്റെ പദവിയെ ദുരുപയോഗം ചെയ്ത സാംസ്കാരിക മന്ത്രി ആസ്ഥാനത്തിന് അല്പം പോലും അർഹനല്ല .മുഖ്യമന്ത്രിയും ഗവർണറും ഇദ്ദേഹത്തെ പുറത്താക്കാൻ ഇനിയും അമാന്തം കാണിക്കരുത് .

ബേബി മണക്കുന്നേൽ

പ്രസിഡൻ്റ്
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC ) ,യു.എസ്.എ