ന്യൂഡൽഹി: പാക്ക് ചെയ്ത് ലേബൽ ചെയ്ത് വിൽക്കുന്ന 25 കിലോഗ്രാം വരെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് 5% ചരക്ക് സേവന നികുതി (ജിഎസ്ടി) തിങ്കളാഴ്ച മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. അരിയും ഗോതമ്പും പാലും തൈരും മോരും തേനും ശർക്കരയും ഉൾപ്പെടെയുള്ള നിത്യോപയോഗ ഭക്ഷ്യസാധനങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടത് സാധാരണക്കാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്.
സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നടപടിക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. എന്നാൽ ജിഎസ്ടി കൗൺസിലിൽ കേരളമടക്കം ഒരു സംസ്ഥാനവും ഇതിനെ എതിർത്തിരുന്നില്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറയുന്നത്.
ജൂൺ 29-ന് ഛത്തീസ്ഗഢിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിലിലാണ് ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയുള്ള തീരുമാനം അംഗീകരിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളാണ്.



