കൊച്ചി: നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ ഒരു പ്രതികൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളാണ് ദുബായിലുള്ള വരന്‍ അന്‍വറിന്റെ അച്ഛനെന്ന വ്യാജേന ഷംന കാസിമിന്റെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതികളില്‍ ഒരാളായ റഫീഖിന്റെ ബന്ധുവാണ് അബൂബക്കര്‍. ഇതോടെ കേസില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം ആറായി.
ഇന്ന് രാവിലെ കോടതിയില്‍ കീഴടങ്ങാനെത്തിയ തൃശൂര്‍ സ്വദേശി അബ്ദുള്‍ സലാമിനെ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷംന കാസിമിന്റെ വീട്ടില്‍ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തില്‍ അബ്ദുള്‍ സലാമും ഉള്‍പ്പെട്ടിരുന്നു. കേസില്‍ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയില്‍ കീഴടങ്ങാനെത്തിയത്.അബ്ദുള്‍ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കേസില്‍ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്.
ഷംന കാസിമിന്റെ മരടിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഷംനാ കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡല്‍ അടക്കമുള്ള നിരവധി പേര്‍ സംഘത്തിനെതിരെ പരാതിയുമായി എത്തിയിരുന്നു.