ലിവർപൂൾ• ബ്രിട്ടനിലെ ലിവർപൂളിനു സമീപം വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥി വിജിൻ വർഗീസിന്റെ കുടുംബത്തിനു വിരാൽ മലയാളി കമ്മ്യൂണിറ്റി ശേഖരിച്ച തുകയായ 6535 പൗണ്ട് കൈമാറി. ഇന്ത്യൻ തുകയായ 6,36,320.70 രൂപയാണു മാതാപിതാക്കളായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂർ നീലാംവിളയിൽ വിവി നിവാസിൽ ഗീവർഗീസിനും ജെസിക്കും ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നു വിരാൽ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ് പറഞ്ഞു.

ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ എംഎസ്‌സി എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു. വിജിന്റെ പരീക്ഷ ഫലം മരണ ശേഷമാണ് പുറത്തു വന്നത്. മികച്ച വിജയമായിരുന്നു വിജിനു ലഭിച്ചത്. ഡിസംബർ 2 നാണു വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്സിസൈഡ് പൊലീസ് വിവരങ്ങൾ മാർച്ച്‌ മാസത്തോടെ പുറത്തുവിടുമെന്നാണു കരുതുന്നത്.