പി.പി. ചെറിയാന്‍

ജോർജിയ ∙ തിരഞ്ഞെടുപ്പിൽ ഇതുവരെ പരാജയം അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടിനോടു ഭൂരിപക്ഷം കോൺഗ്രസ് അംഗങ്ങളും യോജിക്കുന്നുവെന്ന് പുതിയ സർവെ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വാഷിങ്ടൻ പോസ്റ്റ് സംഘടിപ്പിച്ച സർവേയിൽ 249 കൺഗ്രഷണൽ റിപ്പബ്ലിക്കൻസ് പങ്കെടുത്തു. ഇതിൽ 25 പേർ മാത്രമാണ് ബൈഡന്റെ വിജയം അംഗീകരിക്കുന്നതായി അഭിപ്രായപ്പെട്ടത്.‌

ജോർജിയായിൽ നിർണായക സെനറ്റ് റൺ ഓഫ് മത്സരങ്ങൾ നടക്കാനിരിക്കെ, ട്രംപിന്റെ നിലപാട് തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ഭയപ്പെടുന്നത്. ഇവിടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം അനിവാര്യമാണ്. സെനറ്റിൽ നിലവിൽ 50 റിപ്പബ്ലിക്കൻസും 48 ഡെമോക്രാറ്റുകളുമാണുള്ളത്. ജോർജിയയിൽ നടക്കുന്ന രണ്ട് സെനറ്റ് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി വിജയിച്ചാൽ സെനറ്റിൽ 50–50 എന്ന നിലയിൽ വൈസ് പ്രസിഡന്റിന്റെ വോട്ടിന്റെ ബലത്തിൽ ഡമോക്രാറ്റിക് പാർട്ടിക്ക് വിജയം നേടാം. ഒരു സീറ്റ് റിപ്പബ്ലിക്കൻ പിടിച്ചാൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടും. മൈക്ക് പെൻസും, ട്രംപും ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും വോട്ടർമാർ അനുകൂലിക്കുമോ എന്ന് ആശങ്ക നിലനിൽക്കുന്നു.