ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന് നിയമനിർമ്മാണത്തിന് പ്രത്യേക അജണ്ടയുണ്ട്. നിയമ നിർമ്മാണത്തെ സഹായിക്കുവാൻ ഒരു വലിയ ടീമുണ്ട്. 15 അംഗങ്ങൾ ഈ ടീമിൽ പ്രമുഖരാണ്. ഇവർക്ക് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുണ്ട്. മറ്റെല്ലാ രംഗത്തും കാണാറുള്ളതുപോലെ ഇവരിൽ പരിപൂർണ വിശ്വാസവും ആശ്രയവും ബൈഡനും ഭരണകൂടവും നിലനിർത്തുന്നു. രാഷ്ട്രീയം വ്യക്തിപരമാണ് എന്നാണ് ബൈഡന്റെ പ്രഖ്യാപനം. ഇത് നിയമ നിർമ്മാണത്തിന് സഹായിക്കുന്ന നിലപാടല്ല എന്ന് മനസ്സിലാക്കി ടീം പ്രവർത്തിക്കുന്നു. ടീമിന് ചില കീഴ്‍വഴക്കങ്ങളും മുൻ ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ നിലപാടുകളും ആശ്രയമായുണ്ട്.

ബൈഡന്റെ ഇൻഫ്രാസ്ട്രക്ചർ പ്ലാൻ അമേരിക്കൻ ജനത സ്വീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ടീമിന്റെ ആദ്യ ജോലി. ഇതിനായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുവാൻ ടീം സഹായിക്കുന്നു. മിഷിഗണിലെ ഫോർഡ് പ്ലാന്റിന്റെയും പഴക്കം ചെന്ന ലൂസിയാന ബ്രിഡ്ജിന്റെയും എല്ലാം മേൽ നോട്ടത്തിനായി ഇതുവരെ നടത്തിയ ടെലിഫോൺ കോളുകളുടെയും സൂം മീറ്റിംഗുകളുടെയും ഇടയ്ക്കു സംഭവിക്കുന്ന കാപ്പി സൽക്കാരങ്ങളുടെയുമെല്ലാം മേൽനോട്ടം ഈ ടീമിനാണ്.
ബൈഡന്റെ ലെജിസ്‍ലേറ്റീവ് ടീമിൽ അഭിഭാഷകരും സഹായികളുമായി ഒരു വലിയ അംഗസംഖ്യ ഉണ്ട്. ക്യാപിറ്റോൾ ഹില്ലിൽ ദശാബ്ദങ്ങളുടെ പഴക്കമുള്ള ലൂയിസ ടെറലാണ് നേതൃസ്ഥാനത്ത്. ബൈഡന്റെ ആദ്യ മാസങ്ങളിൽ ഓഫീസിൽ നിന്ന് 553 ഫോൺ വിളികൾ ഉണ്ടായതായാണ് ഔദ്യോഗിക കണക്ക്. അമേരിക്കൻ ജോബ്സ് പ്ലാനുമായി ബന്ധപ്പെട്ടാണ് ഏറെയും ഫോൺ വിളികൾ നടന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ടീമിന്റെ പ്രവർത്തനത്തിൽ ഔദ്യോഗിക പക്ഷത്തുള്ള പുരോഗമന വാദികളും മിതവാദികളും സംതൃപ്തരാണെന്നാണ് നിഗമനം. ഇവരാരും കാല് മാറുകയോ പരാതികൾ ഉന്നയിക്കുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇപ്പോൾ വളരെ ഭീമമായ ചെലവുകൾ നിർദേശിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ബിൽ പാസ്സാക്കിയെടുക്കുക എന്ന ഭാരിച്ച ചുമതലയാണ് ലെജിസ്ലേറ്റീവ് ടീമിനും കോൺഗ്രസംഗങ്ങൾ(ഡെമോക്രാറ്റുകൾ)ക്ക് ഉള്ളത്. ക്യൂവിൽ എതിരാളികൾക്ക് അപ്രിയമായ മറ്റ് ലെജിസ്ലേഷനുകളുമുണ്ട്.

ഈയടുത്ത നാളുകളിൽ സാധാരണ ലോ പ്രൊഫൈൽ സ്വീകരിക്കുന്ന ടീം ഏറെ വിമർശനം റിപ്പബ്ലിക്കനുകളിൽ നിന്ന് നേരിട്ടു. വൈറ്റ്ഹൗസ് അനുയായികൾ ബൈഡൻ സ്വകാര്യ മീറ്റിംഗുകളിൽ അനുകൂലിക്കുന്ന നയങ്ങൾ തള്ളിക്കളയുന്നു എന്നൊരു ആരോപണം റിപ്പബ്ലിക്കൻ നേതാക്കളിൽ നിന്നുണ്ടായി. പകരം മുന്നോട്ടു വച്ച ചെറിയ ഓഫറുകൾ ബൈഡൻ സ്വകാര്യമായി അംഗീകരിച്ചവ വൈറ്റ് ഹൗസ് സ്വീകരിച്ചില്ല എന്നാണ് ആരോപണം. ഇതിന്റെ ഫലമായി സംഭവിച്ചിരിക്കുന്നത് ഉഭയകക്ഷി സമ്മതത്തോടെ പാസ്സാക്കുകമെന്ന് കരുതിയ ബില്ലിന് എതിർപ്പുണ്ടാകും എന്നതാണ്. ദശകങ്ങൾ നീണ്ട ബൈഡന്റെ ക്യാപ്പിറോൾ ഹിൽ അനുഭവങ്ങൾ വെല്ലുവിളി നേരിടുകയാണ്. എന്നാൽ പ്രസിഡന്റിന്റെ ലെജിസ്ലേറ്റീവ് ടീമിന്റെ കഴിവ് ചില കേന്ദ്രങ്ങളിൽ അംഗീകാരം സൃഷ്ടിച്ചിട്ടുണ്ട്.

സെനറ്റിൽ ബൈഡന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായും പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ലെജിസ്ലേറ്റീവ് അഫയേഴ്സ് സ്പെഷ്യൽ അസിസ്റ്റെന്റായും ടെറൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ മുൻകാലത്ത് പ്രവർത്തിച്ചിട്ടുള്ള വ്യക്തികളോട് പ്രത്യേക താല്പര്യം കാട്ടുന്നത് വിമർശനത്തിന് കാരണമാകാറുണ്ടെന്ന് ടെറൽ പറഞ്ഞു. നാല് ദശകങ്ങളോളം സെറ്റിൽ പ്രവർത്തിച്ചിട്ടുള്ള ബൈഡൻ തന്നോട് കാട്ടുന്ന താല്പര്യം പ്രധാനമായും മറ്റുള്ളവരിൽ നീരസത്തിന് കാരണമാകാറുണ്ട്. രാഷ്ട്രീയം സ്വകാര്യമാണ്, തനിക്ക് ചുറ്റുമുള്ള വ്യക്തികളിൽ ബന്ധം സൃഷ്ടിക്കുവാനും അത് ഒരു നിക്ഷേപമായി കാണുവാനും ശ്രദ്ധിക്കണമെന്നും ഉള്ള ബൈഡന്റെ നിർദേശം സ്വീകരിക്കണമെന്ന് ടീമംഗങ്ങളോട് ടെറൽ ആവശ്യപ്പെട്ടു. കോൺഗ്രസിനെ ഇതിനെക്കാൾ നന്നായി അറിയാവുന്ന മറ്റൊരു വ്യക്തി ഇല്ലെന്നും കൂട്ടിച്ചേർത്തു.

ഇതിനിടയിൽ സെനറ്റിൽ ചില ബില്ലുകൾ പാസാകുവാൻ 60വോട്ടുകൾ വേണം എന്ന നിയമം മാറ്റുവാൻ മറ്റൊരു നിയമശ്രമം ആരംഭിച്ചു. വെള്ളിയാഴ്ച സെനറ്റിൽ ജനുവരി 6 ലെ ക്യാപിറ്റോൾ ഹില്ലിലെ കലാപത്തെകുറിച്ച് അന്വേഷിക്കുവാനുള്ള ബിൽ 60 വോട്ട് നേടാനാവാതെ പരാജയപ്പെട്ടതാണ് സെനറ്റിലെ ഭൂരിപക്ഷ നേതാവ് ഡെമോക്രാറ്റ് ചക്ക്‌ഷൂമറിന്റെ ഈ നീക്കത്തിന് പിന്നിൽ. ക്യാപ്പിറോൾ റയട്ടിനെകുറിച്ച് അന്വേഷിക്കുവാൻ ഉഭയകക്ഷി കമ്മീഷനെ നിയോഗിക്കണം എന്ന പ്രമേയമാണ് 35 നെതിരെ 54 വോട്ടുകൾക്ക് പരാജയപ്പെട്ടത്.

സെനറ്റിൽ പാർട്ടി ലൈനുള്ള വിഭാഗീയത വളരെ വ്യക്തമായി എന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇത് വരുംകാലങ്ങളിൽ ബൈഡന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി മാറിയേക്കാം എന്നും ഇവർ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സെനറ്റിലെ 50–50 കക്ഷി നില വൈസ് പ്രസിഡന്റ് കമല ഹാരീസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ പിൻബലത്തിൽ ചില ബില്ലുകൾ പാസാക്കുവാൻ ഡെമോക്രാറ്റുകളെ സഹിയിക്കുന്നു. ഫിലിബെസ്റ്റർ എന്നറിയപ്പെടുന്ന നടപടി സെനറ്റിലെ ചർച്ചകൾ അവസാനിപ്പിച്ചു ഒരു പ്രമേയം പാസാക്കുവാൻ 60 വോട്ടുകൾ ആവശ്യപ്പെടുന്നു. ഫിലിബെസ്റ്റർ മാറ്റുവാൻ സെനറ്റിന്റെ ഭൂരിപക്ഷം ആവശ്യമാണ്. എല്ലാ ഡെമോക്രാറ്റിക് സെനറ്റർമാരും ഇതിന് അനുകൂലമല്ല, മധ്യപാത സ്വീകരിച്ചിട്ടുള്ള സെനറ്റർമാരായ വെസ്റ്റ് വെർജീനിയയിൽ നിന്നുള്ള ജോ മാൻചിനും അരിസോണയിൽ നിന്നുള്ള കിഴ്സ്റ്റൺ സിനിമയും എതിർപ്പുമായി രംഗത്തുണ്ട്.