മലപ്പുറം: ബൈക്കിൽ ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദ് (32) നെയാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ എം എച്ച് ബസ് വൈലത്തൂർ ജംഗ്ഷനിൽ വെച്ച് ബുള്ളറ്റ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ വാഹനത്തിൽ ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ചായിരുന്നു ഇയാൾ ബസ്സിൽ കയറി ഡ്രൈവർ സീറ്റിനു മുന്നിൽ കയറിയിരുന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി.
മർദ്ദനത്തിൽ പരുക്കേറ്റ ഡ്രൈവർ കൽപകഞ്ചേരി മേലങ്ങാടി മണ്ടായപ്പുറത്ത് റാസിഖ് (28) തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ടക്ടർ പറവണ്ണ സ്വദേശി പാലക്കവളപ്പിൽ അസ്ലം (30) നും സാരമായി പരുക്കേറ്റു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.