ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് താന്‍ പങ്കെടുത്തത്. അത് ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് പങ്കെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം ഈ പുസ്തകം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനും ബാധകമാണ്. തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാര്‍ ആണ്. പി പരമേശ്വരനെ ആര്‍എസ്എസുകാരാനായി മാത്രമല്ല കേരളം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബിജെപിക്കാര്‍ തനിക്കെതിരെ ഉപയോഗിച്ച ഈ പരിപാടിയുടെ ഫോട്ടോക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് സിപിഎമ്മുകാരാണ്. താന്‍ ഒരു വര്‍ഗീയ വാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല. പോകുകയുമില്ല. ഒരു ആര്‍ എസ് എസുകാരന്റേയും സംഘപരിവാറുകാരന്റെയും വര്‍ഗീയ വാദിയുടേയും വോട്ട് തനിക്ക് വേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നിലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാര്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞതാണെന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു. ഇതേ തുടര്‍ന്നുള്ള ഏത് നിയമനടപടിയും നേരിടും. ഒരു ആര്‍എസ്എസുകാരനും സംഘപരിവാറുകാരനും വര്‍ഗീയവാദിയും തന്നെ പേടിപ്പിക്കാന്‍ വരേണ്ട. ഗോള്‍വാര്‍ക്കറും ഹെഡ്്ഗെവാറുമെല്ലാം ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. ആര്‍എസ്എസും സിപിഎമ്മും ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.