ന്യൂഡൽഹി: രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാനുള്ള സന്നദ്ധത അറിയിച്ച് ചലച്ചിത്ര താരം കങ്കണ റണൗട്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കണമെന്ന് ആഗ്രഹം ശനിയാഴ്ച ഒരു പരിപാടിക്കിടെ താരം പ്രകടമാക്കി. ഇതേ പരിപാടിയിൽ വെച്ചുതന്നെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ കങ്കണയുടെ ആഗ്രഹത്തിനുള്ള മറുപടിയും നൽകി. കങ്കണയെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് നഡ്ഡ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ ആഗ്രഹിക്കുകയും ബി.ജെ.പി സീറ്റ് തരുകയും ചെയ്യുകയാണെങ്കിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നാണ് കങ്കണ പറഞ്ഞത്.
‘പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാമുള്ള ഇടം ബി.ജെ.പിയിലുണ്ട്. ബി.ജെ.പി ടിക്കറ്റിൽ കങ്കണ മത്സരിക്കണമോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനം അല്ല. വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ആരെയും പാർട്ടിയിൽ ഉൾപ്പെടുത്താറില്ല. നിങ്ങൾ നിരുപാധികമായി പാർട്ടിയിലേയ്ക്ക് വരണം. അതിനുശേഷം പാർട്ടി കാര്യങ്ങൾ തീരുമാനിക്കും’, നഡ്ഡ പറഞ്ഞു.
ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും ബി.ജെ.പി അധ്യക്ഷൻ പങ്കുവെച്ചു. ഹിമാചൽ പ്രദേശിലെ ജനങ്ങൾ വീണ്ടും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബർ 12-നാണ് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് ഫലം പുറത്തെത്തും. 2017 ൽ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.



