എ.കെ.ജി സെന്റര്‍ ആക്രമണ കേസിലും പാലക്കാട്ടെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് വന്ന സി.പി.എമ്മിന്റെ മുഖം രക്ഷിക്കാനാണ് ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

അന്വേഷണം സംഘത്തെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൈയ്യും കാലും കെട്ടിയാണ് മനോജ് എബ്രഹാമിനെ അന്വേഷിക്കാന്‍ വിട്ടത്.

മുഖ്യമന്ത്രി പ്രതിയെ തീരുമാനിച്ചാല്‍ അങ്ങനെയല്ലെന്ന് തീരുമാനിക്കാന്‍ എ.ഡി.ജി.പിക്കോ പോലീസിനോ കഴിയുമോ? മുഖ്യമന്ത്രി എന്നു മുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായത്? മുഖ്യന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടി ഓഫീസിന് പടക്കം എറിയുകയും സ്വന്തം പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും ചെയ്ത സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഇത് ജനാധിപത്യ കേരളമാണ് എന്തും ചെയ്യാമെന്ന് കരുതേണ്ട.

ഞങ്ങളെ പോലെയാണ് കോണ്‍ഗ്രസുകാരുമെന്ന് വരുത്തി തീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും തുരത്തണമെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്താണ് സി.പി.എം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്റ്റാഫംഗങ്ങളെ കൂടി കേസില്‍പ്പെടുത്തി രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിച്ച് കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എമ്മും പൊലീസും നടത്തുന്നത്.