ചില മാധ്യമങ്ങളിൽ തന്നെയും പാർട്ടിയെയും ലക്ഷ്യമിട്ട് വന്നിട്ടുള്ള വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാൻ ചില പാർട്ടി നേതാക്കൾ ബി.ജെ.പിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന തരത്തിലുള്ള വാർത്തകൾ പാർട്ടിയുടെയും അണികളുടെയും പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം വ്യാജ പ്രചാരണങ്ങൾ പാർട്ടിയെയും ലക്ഷക്കണക്കിന് ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകരെയും സമൂഹത്തിന് മുന്നിൽ അധിക്ഷേപിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും വളർന്നുവന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും പാർട്ടിയുടെ ഉൾപ്പാർട്ടി ജനാധിപത്യത്തെയും ചർച്ചകളെയും ചില മാധ്യമ സ്ഥാപനങ്ങൾ ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിച്ച് കള്ളക്കഥകൾ ചമയുകയാണെന്നും അദ്ദേഹം ആരോപിച്ചു.



