കൊച്ചി ∙ ലഹരിമരുന്നു കേസിൽ പിടിയിലുള്ളവരുമായി തനിക്കുള്ളത് സൗഹൃദം മാത്രമാണെന്ന നിലപാടിൽ ഉറച്ച് ബിനീഷ് കോടിയേരിയുടെ മൊഴി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കഴിഞ്ഞ ദിവസം നൽകിയ മൊഴികളിലാണ് തനിക്ക് പ്രതികളുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും സാമ്പത്തികമായി പലരെയും പല ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ടെങ്കിലും ബിസിനസ് ഇടപാടുകളില്ലെന്നും മൊഴി നൽകിയത്. അക്കൗണ്ടിൽ വന്നിട്ടുള്ള പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് വിശദീകരണം.
എന്നാൽ വൻ തുകകൾ കടമായി നൽകിയതാണെന്നു പറയുന്നതിലെ സാംഗത്യം ഇഡി പരിശോധിക്കുകയാണ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ബിനീഷിനെ ചോദ്യം ചെയ്യും. ബെനാമി ഇടപാടാണോ എന്നാണു കാര്യമായി പരിശോധിക്കുന്നത്. ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിനു പണം നൽകിയതു കടമയാണെന്നു പറയുന്നത് അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നു മാത്രമല്ല, ഇതിൽ തുടരന്വേഷണത്തിനാണു തീരുമാനവും.
ബിനീഷിന് പാർട്ടി ഭേദമില്ലാതെ സൗഹൃദമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ രണ്ടു വർഷത്തെ ബിനീഷിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽനിന്ന് ഇത് വ്യക്തമായിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പിടിയിലായ ദിവസം അനൂപ്, ബിനീഷിനെ 20ൽ ഏറെ തവണ വിളിച്ചതും കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ബിനീഷ് സ്വർണക്കടത്തിന് പണം മുടക്കിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതുവരെയും സ്വർണക്കടത്ത് പ്രതികളാരും ബിനീഷിനെതിരെ മൊഴി നൽകിയിട്ടില്ല എന്നത് അദ്ദേഹത്തിനു പിടിവള്ളിയാണ്. എന്നാൽ അക്കൗണ്ടിൽ വന്ന പണം ചെലവഴിച്ചതിനെക്കുറിച്ചും റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കൂടുതൽ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ബിനീഷിന്റെ വിശാലമായ സൗഹൃദവലയവും സ്വാധീനവും നേട്ടമുണ്ടാക്കാൻ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെന്റെ മൊഴികളിൽ നിന്ന് വ്യക്തമായിട്ടുള്ളത്.
പലർക്കും ശുപാർശകൾ നൽകിയതിന്റെ കമ്മിഷനാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെ പണത്തിന്റെ ഉറവിടമെന്നും ഇഡി വിലയിരുത്തുന്നു. ഇത്തരത്തിൽ ലഭിച്ചിട്ടുള്ള വലിയ തുകകൾ സിനിമാ നിർമാണത്തിന് ബിനീഷ് നേരിട്ടല്ലാതെ മുടക്കിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തലുണ്ട്. ഇതിനു പുറമെ യുഎഫ്എക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും നിക്ഷേപമുണ്ടെന്ന വിവരത്തെക്കുറിച്ചും ബിനീഷിനോടു ചോദിച്ചിരുന്നു. ഇത് അദ്ദേഹം നിഷേധിച്ചെങ്കിലും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണു സൂചന. ഇത് ഉറപ്പു വരുത്താനായി കമ്പനിയുടെ ഉടമകളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണു തീരുമാനം.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഇടപാടൊന്നും ഇല്ലെന്നു ബിനീഷ് പറയുമ്പോഴും ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. യുഎഫ്എക്സ്, യൂണിടാക് എന്നീ സ്ഥാപനങ്ങളെ സംബന്ധിച്ചു നൽകിയ മൊഴികളിലും പൊരുത്തക്കേടുകൾ ഉണ്ടെന്നാണു വിലയിരുത്തൽ. അതുകൊണ്ടു തന്നെ തനിക്ക് യുഎഫ്എക്സ് കമ്മിഷൻ നൽകിയിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും ബിനീഷിന്റെ മൊഴിയും കമ്പനി ഉടമകളുടെ മൊഴിയും പരിശോധിച്ച് കൃത്യമായ വിവരങ്ങളിലേയ്ക്ക് സംഘത്തിന് എത്തേണ്ടതുണ്ട്.
ഈ വിവരങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. അനൂപിന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ എൻസിബി ബിനീഷിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെ മൊഴിയിൽ നിന്നുള്ള വിവരങ്ങൾ എൻസിബി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് തേടിയിട്ടുണ്ടെന്നാണു വിവരം. ഇഡി മൊഴിയുടെ പകർപ്പ് എൻസിബിക്കു കൈമാറും.



