ബിജെപിയെയും ആർഎസ്എസിനെയും കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ സിപിഎം റാലിയില്‍ അണി ചേര്‍ന്നത്. ബെംഗളൂരുവില്‍നിന്ന് 100 കിലോമീറ്റര്‍ മാറി ബാഗേപള്ളിയില്‍ നടന്ന സിപിഎമ്മിന്റെ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ഏറെ ശക്തിയുള്ള മണ്ഡലമാണ് ബാഗേപള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹാസവും മറുപടിയുമായി മുൻ എംഎൽഎ വി.ടി.ബൽറാമും രംഗത്തുവന്നു. 

‘വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച, സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി. ‘ബിജെപി വിരുദ്ധ’ പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല’ – ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുല്‍ ഗാന്ധി കേരളത്തില്‍ 19 ദിവസം റാലി നടത്തിയതിനെതിരെ രംഗത്തുവന്ന സിപിഎമ്മിനു മറുപടിയായാണ് ബല്‍റാമിന്‍റെ പരിഹാസം. ബിജെപിയില്ലാത്ത കേരളത്തില്‍ എന്തിന് ഇത്ര ദിവസം റാലി നടത്തുന്നു എന്നാണ് സിപിഎം നേതാക്കള്‍ ചോദിച്ചത്.