ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ കേസുകള്‍ എല്ലാം ഇല്ലാതാക്കാമെന്ന വാഗ്ദാനം ലഭിച്ചുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വിവാദ മദ്യനയത്തിലെ ക്രമക്കേടുകളെച്ചൊല്ലി പരിശോധനകളും തുടര്‍ന്നുള്ള രാഷ്ട്രീയപ്പോരും തുടരുന്നതിനിടെയാണ് ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്.

‘എനിക്ക് ബിജെപിയില്‍നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയില്‍ ചേരുക. നിങ്ങള്‍ക്കെതിരേയുള്ള സിബിഐ, ഇഡി കേസുകള്‍ അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുതരാം’ സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരേയുള്ള കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.

പാര്‍ട്ട് മാറാന്‍ ആവശ്യപ്പെട്ട ബിജെപിക്കാര്‍ക്കുള്ള മറുപടിയും സിസോദിയ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ‘ഞാന്‍ ഒരു രജപുത്രനാണ്. മഹാറാണ പ്രതാപിന്റെ പിന്‍ഗാമി. ഞാന്‍ എന്റെ തല വെട്ടാന്‍ തയാറാണ്. പക്ഷേ ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ തല കുനിക്കില്ല. എനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണ്. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എല്ലാം ചെയ്യുക’. സിസോദിയ ട്വിറ്ററില്‍ കുറിച്ചു.