അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സമ്മാനം നേടി ഫ്രാന്‍സ് സ്വദേശി.  243 -ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയത് ഫ്രാന്‍സ് സ്വദേശി സെലിന്‍ ജസ്സിന്‍ ആണ്. സിറിയന്‍ കുടുംബത്തില്‍ നിന്നുള്ള സെലിന്‍ വാങ്ങിയ 176528 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ബിഗ് ടിക്കറ്റിന്‍റെ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (42 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത്. ഫ്രാന്‍സില്‍ നിന്നുള്ള ആദ്യ ബിഗ് ടിക്കറ്റ് വിജയിയാണ് സെലിന്‍.

സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സെലിന് തന്‍റെ വിജയം വിശ്വസിക്കാനായില്ല. ‘ഇത് സത്യമാണോ?’ എന്ന് അവര്‍ തിരികെ ചോദിച്ചു. ഇത് രണ്ടാം തവണയാണ് സെലിന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഒരു സുഹൃത്തുമായി ചേര്‍ന്നാണ് സെലിന്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 

1998 മുതല്‍ ദുബൈയില്‍ താമസിക്കുന്ന സെലിന്‍, ഒരു ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ പേഴ്സണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. സമ്മാനം പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. നന്നായി ആലോചിച്ച ശേഷം തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുമെന്ന് സെലിന്‍ പറഞ്ഞു. 

101158 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി ജുനെലിറ്റോ ബോര്‍ജ ആണ് രണ്ടാം സമ്മാനമായ  10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. ദോഹയില്‍ താമസിക്കുകയാണ് ഇദ്ദേഹം. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയകുമാര്‍ വാസുപിള്ള ആണ്. ഇദ്ദേഹം വാങ്ങിയ 296664 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 251912 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള അയാസ് മുഹമ്മദ് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി.