തിരുവനന്തപുരം: കസ്റ്റഡിയില്‍ എടുത്തയാളെ ഫോര്‍ട്ട് പൊലിസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ജില്ലാ പൊലിസ് മേധാവിയ്ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി ആവശ്യപ്പെടുതയായിരുന്നു.

പൂന്തുറ സ്വദേശി അന്‍സാരിയാണ് മരിച്ചത്. വൈകിട്ട് അഞ്ചോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ബാത്ത്‌റൂമില്‍ വെച്ചുതൂങ്ങുകയായിരുന്നുവെന്നാണ് പൊലിസിന്റെ ഭാഷ്യം.

കിഴക്കേകോട്ടയില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടിയ അന്‍സാരിയെ പൊലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നുവെന്നും പൊലിസ് പറയുന്നു.

ഫോര്‍ട്ട് സി.ഐയാണ് പ്രതിയെ കിഴക്കേകോട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ച്‌ കഴിഞ്ഞ് ബാത്ത്‌റൂമില്‍ കയറിയ അന്‍സാരിയെ കാണാത്തതിനാല്‍ കതക് തല്ലിത്തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലിസിന്റെ വിശദീകരണം.