സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തുന്ന ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ വീഡിയോ പുറത്ത്. പ്രധാനമന്ത്രി സന്ന മാരിന്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വീഡിയോയില്‍ കാണാം. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തി. മാരിനെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാക്കണമെന്നാണ് ചിലരുടെ ആവശ്യം. എന്നാല്‍ പ്രതിപക്ഷ വിമര്‍ശനം പ്രധാനമന്ത്രി തള്ളി. 

സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടിയില്‍ താന്‍ മദ്യം മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് മാരിന്‍ വ്യക്തമാക്കി. വീഡിയോ തന്റെ അറിവോടെയാണ് ചിത്രീകരിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പരസ്യമായതില്‍ വിഷമമുണ്ട്. പാര്‍ട്ടിയില്‍ താന്‍ നൃത്തം ചെയ്യുകയും പാടുകയും ചെയ്തു. അത് പൂര്‍ണ്ണമായും നിയമപരമാണെന്നും തന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്നും എല്ലായ്‌പ്പോഴും നമ്മള്‍ നമ്മളായി തന്നെയിരിക്കണമെന്നും മാരിന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ മാരിന്‍ മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കം വന്ന ശേഷം ക്ലബ്ബില്‍ പോയ സംഭവം വിവാദമായിരുന്നു. അന്ന് ക്ഷമാപണം നടത്തിയാണ് മാരിന്‍ വിവാദം അവസാനിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ‘കൂള്‍’ പ്രധാനമന്ത്രിയായി ഈ 36കാരിയെ ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ബില്‍ഡ് തിരഞ്ഞെടുത്തിരുന്നു.