പെൻസിൽവേനിയ: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് സമാപിച്ചു. അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുമായി മുഴുവൻ വൈദികരും പ്രതിനിധികളും ചാപ്പലിൽ സന്നിഹിതരായി.
15ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതു ചടങ്ങിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച കോർ കമ്മിറ്റിക്കും വിവിധ സബ് കമ്മിറ്റികൾക്കും നന്ദി പറഞ്ഞു.
മുഖ്യ പ്രഭാഷകരായ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, ഫാ. മാറ്റ് അലക്സാണ്ടർ എന്നിവരുടെ സമാപന സന്ദേശങ്ങൾ അറിയിച്ചു.

ഔദ്യോഗികമായി കോൺഫറൻസ് അവസാനിച്ചെങ്കിലും പലരും വിടപറയാൻ തിരക്ക് കൂട്ടാതെ സൗഹൃദം പങ്കുവച്ചുകൊണ്ട് നിൽക്കുന്നത് കോൺഫറൻസ് സൃഷ്ടിക്കുന്ന ബന്ധങ്ങൾ എത്ര ശക്തമാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു. നാലു ദിവസങ്ങൾ വളരെ പെട്ടെന്നാണ് കടന്നുപോയത്.
ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടന്ന ചരിത്രപ്രസിദ്ധമായ ഫാമിലി കോൺഫറൻസ് സമാപിച്ചു. എല്ലാ വർഷവും ഒന്നിടവിട്ട് സമ്മേളനം ഇവിടെവച്ച് നടത്തണമെന്ന അഭിപ്രായമുള്ളവരുണ്ട്. അത് തന്നെ ഈ സമ്മേളനം പങ്കെടുത്തവരുടെ മനസിൽ ഉണ്ടാക്കിയിട്ടുള്ള മതിപ്പിന്റെ സൂചനയാണ്.
ഭദ്രാസനത്തിന്റെ സ്വന്തം റിട്രീറ്റ് സെന്ററിൽ ഒരു വലിയ കോൺഫറൻസ് നടത്തുന്നത് ശ്രമകരമായിരുന്നെങ്കിലും സന്നദ്ധപ്രവർത്തകർ ഒരു ടീമായി പ്രവർത്തിച്ചത് കോൺഫറൻസിന്റെ വിജയത്തിന് സഹായകരമായി.
ഈ കോൺഫറൻസ് സൃഷ്ടിച്ച ഊർജവും ആത്മീയ ഉണർവും അത്യന്തം പ്രചോദനകരമാണെന്നതിൽ ഭദ്രാസനത്തിന് അഭിമാനിക്കാം.



