അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദേശം.
താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് കാബൂൾ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്.
യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയിൽ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാൻ താലിബാൻ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ റൺവേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.
‘കാബൂൾ വിമാനത്താവളത്തിലെ കവാടങ്ങൾക്ക് പുറത്ത് സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ, യുഎസ് സർക്കാർ പ്രതിനിധികളുടെ വ്യക്തിഗത നിർദ്ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാൻ ഞങ്ങൾ യു.എസ്. പൗരന്മാരോട് നിർദ്ദേശിക്കുന്നു,’ യു.എസ്. എംബസി വക്താവ് അറിയിച്ചു.
പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് ബ്രിട്ടനും വിലക്കിയിട്ടുണ്ട്.
സുരക്ഷാഭീഷണി തള്ളിക്കളയാനാവില്ലെന്നും രാജ്യത്ത് നിന്ന് പോകാൻ ശ്രമിക്കുന്ന ആളുകൾക്ക് ഈ ആഴ്ചയോടെ തന്നെ അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് സംസാരിച്ച ഒരു താലിബാൻ പ്രതിനിധി പറഞ്ഞു.



