യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ലോകചാമ്ബ്യന്മാരായ ഫ്രാന്‍സ് പുറത്ത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സ്‌കോര്‍ 3-3 ആയതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ കെയ്‌ലിയന്‍ എംബാപ്പെയെടുത്ത അവസാന കിക്ക് തട്ടിയകറ്റി സ്വിസ് കീപ്പര്‍ യാന്‍ സോമര്‍ ആണ് സ്വിറ്റ്‌സര്‍ലന്റിന് അട്ടിമറി ജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നില്‍ നില്‍ക്കെ സ്വിറ്റ്‌സര്‍ലാന്റ് താരം റിക്കാര്‍ഡോ റോഡ്രിഗസ് പെനാല്‍ട്ടി നഷ്ടപ്പെടുത്തിയിരുന്നു.
നിര്‍ണായകമായ ഗോളുകള്‍ക്ക് ചരടുവലിക്കുകയും മധ്യനിരയില്‍ നിറഞ്ഞു കളിക്കുകയും ചെയ്ത സ്വിസ് ക്യാപ്ടന്‍ ഗാനിത് ഷാക്കയാണ് സ്റ്റാര്‍ ഓഫ് ദി മാച്ച്‌. ഫ്രഞ്ച് നിരയില്‍ പോള്‍ പോഗ്ബ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മുന്‍നിരക്കാര്‍ അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. നേരത്തെ നടന്ന പ്രീക്വാര്‍ട്ടറില്‍ എക്‌സ്ട്രാ ടൈമില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച സ്‌പെയിന്‍ ആണ് ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ എതിരാളികള്‍.
അപരാജിതരായി ഗ്രൂപ്പ് ചാമ്ബ്യന്മാരായെത്തിയ ഫ്രാന്‍സിനെ ഞെട്ടിക്കുന്ന പ്രകടനമാണ് മൂന്നാം സ്ഥാനക്കാരായി കടന്നുകൂടിയ വ്‌ലാദിമിര്‍ പെറ്റ്‌കോവിച്ച്‌ പരിശീലിപ്പിക്കുന്ന സ്വിസ് സംഘം ബുക്കാറസ്റ്റിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്. ഫ്രഞ്ച് പടക്ക് മത്സരത്തില്‍ ചുവടുറപ്പിക്കാന്‍ കഴിയും മുമ്ബ് 15-ാം മിനുട്ടില്‍ ഹാരിസ് സഫറോവിച്ച്‌ സ്വിറ്റ്‌സര്‍ലന്റിനെ മുന്നിലെത്തിച്ചു. ഇടതുഭാഗത്തുനിന്ന് സ്റ്റീവന്‍ സുബര്‍ തൊടുത്ത പിന്‍പോയിന്റ് ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് സഫറോവിച്ച്‌ കേളികേട്ട ഫ്രഞ്ച് പ്രതിരോധം പിളര്‍ന്നത്. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങാതെ ഫ്രാന്‍സിനെ പിടിച്ചുകെട്ടാനും അവര്‍ക്ക് കഴിഞ്ഞു.
55-ാം മിനുട്ടില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം സ്വിറ്റ്‌സര്‍ലന്റിന് ലഭിച്ചു. സ്റ്റീവന്‍ സുബറിനെ പവാര്‍ഡ് ബോക്‌സില്‍ വീഴ്ത്തിയതിന് വാര്‍ പരിശോധനയില്‍ ലഭിച്ച പെനാല്‍ട്ടി പക്ഷേ റോഡ്രിഗ്വസിന് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പ്രതിരോധ താരത്തിന്റെ കിക്ക് ഹ്യുഗോ ലോറിസ് വലത്തേക്ക് ഡൈവ് ചെയ്ത് തടയുകയായിരുന്നു.
പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതിനു പിന്നാലെ സ്വിറ്റ്‌സര്‍ലന്റ് നാടകീയമായി തകരുന്നതാണ് കണ്ടത്. 57-ാം മിനുട്ടില്‍ എംബാപ്പെയുടെ പാസ് പിന്‍കാല്‍ കൊണ്ട് സ്വീകരിച്ച്‌ മികച്ച ഫിനിഷിലൂടെ കരീം ബെന്‍സേമ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. രണ്ടു മിനുട്ടുകള്‍ക്കുള്ളില്‍ ബെന്‍സേമ തന്നെ അവര്‍ക്ക് ലീഡും നല്‍കി. സ്വിറ്റ്‌സര്‍ലന്റിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസാന അവസരവും നിഷേധിക്കുന്ന വിധത്തില്‍ മികച്ചൊരു ലോങ് റേഞ്ചിലൂടെ പോള്‍ പോഗ്ബയും 75-ാം മിനുട്ടില്‍ ഗോള്‍ നേടി. ഇതോടെ ഫ്രാന്‍സ് അവസാന എട്ടിലേക്ക് അനായാസം മുന്നേറുമെന്ന പ്രതീതിയുണര്‍ന്നു.
1-3ന് പിറകിലായ ശേഷം ലോകചാമ്ബ്യന്മാര്‍ക്കെതിരെ അത്യപൂര്‍വമായൊരു തിരിച്ചുവരവാണ് സ്വിസ് പട നടത്തിയത്. പ്രതീക്ഷിച്ച മികവ് പുലര്‍ത്താതിരുന്ന ഷെര്‍ദാന്‍ ഷാഖിരിക്കു പകരം മരിയോ ഗവ്‌റനോവിച്ചിനെയും വിദ്മറിനു പകരം കെവിന്‍ എംബാബുവിനെയും കളത്തിലിറക്കിയ കോച്ചിന്റെ തീരുമാനം ഫലം ചെയ്തു. 81-ാം മിനുട്ടില്‍ കെവിന്‍ എംബാബു വലതുഭാഗത്തുനിന്ന് തൊടുത്ത ക്രോസില്‍ ചാടിയുയര്‍ന്ന് ഹാരിസ് സഫറോവിച്ചാണ് തിരിച്ചുവരവിന് തുടക്കമിട്ടത്. ഫ്രാന്‍സ് കളി ജയിക്കും എന്ന ഘട്ടത്തില്‍ 90-ാം മിനുട്ടില്‍ ഗ്രാനിത് ഷാക്കയുടെ ഭാവനാ സമ്ബന്നമായ പാസ് സ്വീകരിച്ച്‌ ഫ്രഞ്ച് പ്രതിരോധത്തെ അങ്കലാപ്പിലാക്കി ഗവ്‌റനോവിച്ച്‌ ലക്ഷ്യം കാണുകയും ചെയ്തു. അതുവരെ വിജയികളുടെ ശരീരഭാഷയില്‍ കളിച്ചിരുന്ന ഫ്രാന്‍സുകാരെ ഞെട്ടിക്കുന്ന ഗോളായിരുന്നു അത്. അവസാന വിസിലിനു തൊട്ടുമുന്നേ കിങ്സ്ലി കോമന്റെ കനത്തൊരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിമടങ്ങിയത് ഫ്രാന്‍സിന്റെ ദൗര്‍ഭാഗ്യമായി.
എക്‌സ്ട്രാ ടൈമില്‍ ഇരുടീമുകളും സൂക്ഷിച്ചാണ് കളിച്ചത്. ഇരുവശത്തും അവസരങ്ങള്‍ പിറന്നെങ്കിലും ഗോള്‍ പിറന്നില്ല. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി കിക്കെടുത്ത ഗവ്‌റനോവിച്ച്‌, ഫാബിയന്‍ ഷാര്‍, മാനുവല്‍ അകഞ്ചി, റോബന്‍ വര്‍ഗാസ്, അദ്മിര്‍ മെഹ്‌മദി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ പോള്‍ പോഗ്ബ, ഒലിവര്‍ ഗിറൂദ്, മാര്‍ക്കസ് തുറാം, കിംബംബെ എന്നിവര്‍ ഫ്രാന്‍സിന്റെ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. നിര്‍ണായകമായ അവസാന കിക്കെടുത്ത എംബാപ്പെയുടെ ഷോട്ട് വലതുവശത്തേക്ക് ഡൈവ് ചെയ്ത് സോമര്‍ തട്ടിയകറ്റിയതോടെ സ്വിറ്റ്‌സര്‍ലന്റിന് സ്വപ്‌നതുല്യമായ ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമായി.