ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രഫസറാകാനുള്ള യോഗ്യതയില്ലെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ മുമ്പുനടന്ന നിയമനങ്ങള്‍ സംബന്ധിച്ചു തനിക്കു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും ഗവര്‍ണര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹത്തിന്റെ പെരുമാറ്റം. ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമെന്ന നിലയിലാണ് വിസിയുടെ പെരുമാറ്റമെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മികച്ചതാണെന്നും എന്നാല്‍ കേരളത്തിലെ മികവുറ്റ വിദ്യാര്‍ഥികള്‍ കേരളത്തിനു പുറത്ത് പഠിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനുകാരണം കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനകളാണ്. ഇതൊരിക്കലും താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



