കൊച്ചി: മധ്യപ്രദേശിലെ പട്നിയിൽ മിന്നൽ പ്രളയത്തിലകപ്പെട്ട് മരിച്ച ആർമി എജുക്കേഷൻ കോപ്സിലെ ക്യാപ്റ്റൻ നിർമൽ ശിവരാജന് നാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വൈകീട്ട് 3.30ന് നിർമലിന്റെ മാമംഗലത്തെ വസതിയിൽ എത്തിച്ചു. മൃതദേഹത്തോടൊപ്പം ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്രയും അനുഗമിച്ചിരുന്നു. ചെറുപ്പം മുതൽ ആർമിയിൽ ചേരണമെന്ന് മകൻ പറഞ്ഞത് ഓർമിച്ച് അമ്മ സുബൈദ പൊട്ടിക്കരഞ്ഞു.
അച്ഛൻ ശിവരാജനും മകന്റെ മൃതദേഹം കണ്ടതോടെ നിയന്ത്രണംവിട്ടു. നിർമൽ പഠിച്ച തേവര സേക്രഡ് ഹാർട്സ് കോളജിലെയും മദ്രാസ് ക്രിസ്ത്യൻ കോളജിലെയും സഹപാഠികളും കൂട്ടുകാരനെ അവസാനമായി കാണാൻ എത്തിയിരുന്നു. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.



