ന്യൂഡല്‍ഹി| പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് വിധിപറയാന്‍ മാറ്റി. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്ന സെപ്റ്റംബര്‍ രണ്ടിനകം കേസില്‍ വിധി പ്രസ്താവിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാപ്പ് പറയാന്‍ വിസമ്മതിച്ച പ്രശാന്ത് ഭൂഷണ്‍ മാപ്പിനുവേണ്ടി കോടതി സമ്മര്‍ദം ചെലുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി. മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് കേസില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. മാപ്പ് പറയുണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളത്. വാദങ്ങള്‍ക്കൊടുവില്‍ അരുണ്‍ മിശ്ര പ്രശാന്ത് ഭൂഷണോടും എ ജിയോടും നന്ദി പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കേസില്‍ കോടതി കൂടുതല്‍ അനുകമ്ബാപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ അഭ്യര്‍ഥിച്ചു. അതു കോടതിയുടെ അന്തസ് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കേസില്‍ മാപ്പ് പറയാന്‍ ഇന്നലെ വരെ കോടതി സമയം അനുവദിച്ചിരുന്നു. മാപ്പ് പറയാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടര്‍ന്ന് ഇന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.