ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന മുറവിളികൾക്കിടയിൽ, പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം കൃത്യമായി തീരുമാനിക്കാൻ ഞായറാഴ്ച പ്രവർത്തകസമിതി യോഗം വിളിച്ചു. 

സോണിയ ഗാന്ധി വൈദ്യപരിശോധനക്ക് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം വിദേശത്തുപോയതിനാൽ വിഡിയോ കോൺഫറൻസാണ് നടക്കുക. ഉച്ചതിരിഞ്ഞ് മൂന്നരക്ക് നടക്കുന്ന യോഗത്തിൽ സോണിയ അധ്യക്ഷതവഹിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ആഗസ്റ്റ് 21നും സെപ്റ്റംബർ 20നുമിടയിൽ കോൺഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പു നടപടി പൂർത്തിയാക്കുമെന്നാണ് കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാഹുൽ ഗാന്ധി വീണ്ടും പദവി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഉദയ്പുർ ചിന്താശിബിരത്തിന് ഒത്തുകൂടിയ നേതാക്കൾ പിരിഞ്ഞത്. എന്നാൽ, രാഹുൽ ഇപ്പോഴും ഒഴിഞ്ഞുമാറുന്നു. നെഹ്റുകുടുംബത്തിന് പുറത്തു നിന്നൊരാളുടെ കാര്യത്തിൽ സമവായവുമില്ല. സെപ്റ്റംബർ ഏഴിന് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തുടങ്ങുകയുമാണ്. ഈ സാഹചര്യങ്ങൾക്കിടയിലാണ് ‘കൃത്യമായ തീയതി’നിർണയിക്കാൻ പ്രവർത്തക സമിതി ചേരുന്നത്.