രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍ വളരെ സൗകര്യപ്രദവും ലളിതവുമായ സംവിധാനം വികസിപ്പിച്ചെടുത്തു എന്ന അവകാശവാദവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍. ഉമിനീരിലെ സലൈവയില്‍ നിന്ന് ഗ്ലൂക്കോസിന്റെ നില നിര്‍ണയിക്കാനുള്ള സംവിധാനമാണ് അവര്‍ വികസിപ്പിച്ചിട്ടുള്ളത്. നിലവില്‍ പ്രമേഹരോഗികള്‍ ഒരു ചെറിയ സൂചി ഉപയോഗിച്ച്‌ പല തവണ കൈവിരലില്‍ കുത്തിയെടുക്കുന്ന ചോരത്തുള്ളി ഒരു സ്ട്രിപ്പ് ഉപയോഗിച്ച്‌ പരിശോധിച്ചാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കാറുള്ളത്. വേദന ഉളവാക്കുന്ന പ്രക്രിയ ആയതുകൊണ്ടുതന്നെ പല പ്രമേഹരോഗികളും ഈ പരിശോധനകളുടെ എണ്ണം കുറയ്ക്കാറുമുണ്ട്.

എന്നാല്‍, ഗ്ലൂക്കോസിന്റെ സാന്നിധ്യം നിര്‍ണയിക്കാന്‍ ശേഷിയുള്ള ഒരു എന്‍സൈമിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ സംഘത്തിന് നേതൃത്വം നല്‍കിയ പോള്‍ ഡസ്റ്റൂര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ന്യൂ കാസില്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസര്‍ കൂടിയാണ് പോള്‍ ഡസ്റ്റൂര്‍. ഗ്ലൂക്കോസിന്റെ സാന്നിധ്യം കണ്ടെത്താന്‍ ശേഷിയുള്ള എന്‍സൈമിനെ ഒരു ട്രാന്‍സിസ്റ്ററിലൂടെ കടത്തിവിട്ടുകൊണ്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. യാതൊരു തരത്തിലും ശരീരത്തെ വേദനിപ്പിക്കാത്ത വിധത്തിലാകും പരിശോധന നടത്താന്‍ കഴിയുകയെന്നും ഡസ്റ്റൂര്‍ പറയുന്നു. ‘വേദനരഹിതവും ചെലവ് കുറഞ്ഞതുമായ ഗ്ലൂക്കോസ് പരിശോധനയാണ് ഈ സംവിധാനത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. പ്രമേഹരോഗികള്‍ക്ക് അത് കൂടുതല്‍ പ്രയോജനപ്രദമാകും എന്ന് പ്രതീക്ഷിക്കാം’ – ഡസ്റ്റൂര്‍ കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ സലൈവയില്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്, ഈ ഗ്ലൂക്കോസിന്റെ സാന്ദ്രത രക്തത്തിലെ ഗ്ലൂക്കോസിന്റേതിന് ആനുപാതികവുമായിരിക്കും. എന്നാല്‍, ഉമിനീരിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത രക്തത്തിലേതിനെ അപേക്ഷിച്ച്‌ 100 മടങ്ങോളം കുറവായിരിക്കും. അതിനാല്‍, ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതും സാധാരണ ഗ്ലൂക്കോസ് പരിശോധനയെ അപേക്ഷിച്ച്‌ 100 മടങ്ങ് കൃത്യതയേറിയതുമായ സംവിധാനമാണ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്’ – ഡസ്റ്റൂര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ട്രാന്‍സിസ്റ്ററുകളിലെ ഇലക്‌ട്രോണിക് പദാര്‍ത്ഥങ്ങള്‍ മഷികളായതിനാല്‍ കുറഞ്ഞ ചെലവില്‍ പ്രിന്റ് ചെയ്യാന്‍ കഴിയും. എന്തായാലും, ഗ്ലൂക്കോസ് പരിശോധനയുടെ കാര്യത്തില്‍ വലിയ കുതിച്ചു ചാട്ടത്തിനാകും ഈ കണ്ടെത്തല്‍ വഴിയൊരുക്കുക.

സോളാര്‍ സെല്ലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടവേ യാദൃശ്ചികമായാണ് ശാസ്ത്രജ്ഞരുടെ ഈ സംഘം പ്രമേഹ പരിശോധനയ്ക്കുള്ള സംവിധാനം കണ്ടെത്തിയതെന്ന് ഡസ്റ്റൂര്‍ പറയുന്നു. ക്ലിനിക്കല്‍ പരിശോധനകള്‍ വിജയിച്ചാല്‍ ഈ ടെസ്റ്റ് കിറ്റുകള്‍ ഉത്പാദിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 6.3 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഈ കണ്ടെത്തലിന് പിന്നിലെ സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് കോവിഡ് പരിശോധന, ഹോര്‍മോണ്‍ പരിശോധന, ക്യാന്‍സര്‍ പരിശോധന എന്നിവയിലും നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രൊഫസര്‍ ഡസ്റ്റൂര്‍ പറഞ്ഞു.

സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കോവിഡ് പരിശോധന നടത്താന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചെടുക്കാന്‍ ന്യൂ കാസില്‍ സര്‍വകലാശാല ഹാര്‍വാര്‍ഡ് സര്‍വകലാശാലയുമായി സഹകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.