തെലുങ്ക് നടനും എ ബി വാജ്‌പേയി മന്ത്രിസഭയില്‍ സഹ മന്ത്രിയുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. തെലുങ്ക് നടന്‍ പ്രഭാസിന്റെ പിതൃസഹോദരനാണ്.

മാധ്യമപ്രവര്‍ത്തകനായി ജോലി നോക്കവേ 1966 ല്‍ ആയിരുന്നു ഉപ്പലപതി വെങ്കട കൃഷ്ണം രാജു എന്ന കൃഷ്ണം രാജു സിനിമയില്‍ എത്തുന്നത്. വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നു തുടക്കമെങ്കിലും പിന്നീട് തെലുങ്കിലെ മുന്‍നിര നായകനടനായി മാറി. ‘ഭക്ത കണ്ണപ്പ’, ‘കടാക്ടല രുദ്രയ്യ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമാണ്.

പ്രഭാസിനൊപ്പം ‘റിബല്‍’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. പ്രഭാസ് ചിത്രം ‘രാധേ ശ്യാമി’ലാണ് അവസാനം അഭിനയിച്ചത്.നിരവധി പേരാണ് കൃഷ്ണം രാജുവിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ശ്രീ യു വി കൃഷ്ണം രാജുവിന്റെ വേര്‍പാടില്‍ ദുഃഖമുണ്ടെന്നും വരും തലമുറകള്‍ അദ്ദേഹത്തിന്റെ സിനിമാ വൈഭവവും സര്‍ഗ്ഗാത്മകതയും ഓര്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.