പ്രഭാത ഭക്ഷണം ഒരു ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ്. ആ ദിവസം മുഴുവൻ ഊർജസ്വലതയോടെ തുടരാൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനുള്ള തുടക്കം പ്രഭാതഭക്ഷണത്തിൽനിന്നാണ്. എന്നാൽ, നമ്മളിൽ ചിലരെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ജോലിക്ക് പോകാൻ വൈകി, സമയം ഇല്ല എന്ന കാരണത്താലാണ് പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. സമയം കിട്ടിയില്ലെന്ന കാരണത്താൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് അറിഞ്ഞിരിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

  1. ഹൃദയത്തെ ദോഷകരമായി ബാധിക്കും

ജെഎഎംഎയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, പ്രഭാതഭക്ഷണം കഴിച്ച പുരുഷന്മാരെ അപേക്ഷിച്ച് ഒഴിവാക്കിയവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലെന്നാണ്. ഈ കണക്ക് അത്ര ആശങ്കാജനകമല്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ലിയ കാഹിൽ പറയുന്നു. എന്നാൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന വസ്തുതയെ അവർ പിന്തുണച്ചു. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രക്താതിമർദ്ദത്തിനുള്ള സാധ്യത വർധിക്കുന്നു. സ്ട്രോക്ക് ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ഹൃദയ സംബന്ധമായ രോഗാവസ്ഥകൾക്ക് കാരണമാകുന്നു.

  1. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനം പറയുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കിയ ജോലിയുള്ള സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 54 ശതമാനം കൂടുതലായിരുന്നു.

  1. ശരീര ഭാരം വർധിപ്പിക്കും

ശരീരഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടെങ്കിൽ, രണ്ടാമതൊന്നു കൂടി ചിന്തിക്കുക. പ്രഭാതഭക്ഷണം കഴിക്കാത്തതിന്റെ ദോഷഫലങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങൾ അനുസരിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ഉച്ചഭക്ഷണത്തിലും അത്താഴത്തിലും കൂടുതൽ കലോറിയും പൂരിത കൊഴുപ്പും പഞ്ചസാരയും കഴിക്കുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ കൊഴുപ്പുള്ള ഭക്ഷണങ്ങളും മധുരവും കൂടുതൽ കഴിക്കാൻ ആസക്തി തോന്നും.

  1. മാനസികാവസ്ഥയും ഊർജനിലയും ദോഷകരമായി ബാധിക്കും

1999-ൽ ഫിസിയോളജിക്കൽ ബിഹേവിയർ എന്ന ജേണലിൽ വന്ന ഒരു പഠനമനുസരിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഊർജത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കും. 144 ആരോഗ്യകരമായ വ്യക്തികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ആദ്യ ഗ്രൂപ്പിന് ആരോഗ്യകരമായ പ്രഭാത ഭക്ഷണം നൽകി, രണ്ടാമത്തെ ഗ്രൂപ്പിന് കോഫി മാത്രം നൽകി, മൂന്നാമത്തെ ഗ്രൂപ്പിന് പ്രഭാത ഭക്ഷണം നൽകിയില്ല. കുറച്ചു മണിക്കൂറുകൾക്കുശേഷം പരിശോധിച്ചപ്പോൾ മൂന്നാമത്തെ ഗ്രൂപ്പിലെ ആളുകൾക്ക് ഊർജ നില കുറയുകയും ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റു രണ്ടു ഗ്രൂപ്പുകൾക്ക് കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലായിരുന്നു.

  1. മൈഗ്രേനു കാരണമാകാം

ഭക്ഷണം ഒഴിവാക്കുന്നത് പഞ്ചസാരയുടെ അളവ് വൻതോതിൽ കുറയുന്നതിന് കാരണമാകുന്നു. രക്തസമ്മർദം വർധിപ്പിക്കുകയും മൈഗ്രേനും തലവേദനയ്ക്കും കാരണമാകുന്നു. രാത്രിയിലെ നീണ്ട 12 മണിക്കൂർ ഇടവേളയ്ക്കുശേഷം നിങ്ങൾ കഴിക്കുന്നതാണ് പ്രഭാത ഭക്ഷണം. അത് ഒഴിവാക്കുന്നത് തലവേദനയ്ക്കുള്ള സാധ്യത വർധിപ്പിക്കും.