തിരുവനന്തപുരം: ഇന്നത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ ഭാ​ഗമായി പ്രധാന ന​ഗരങ്ങളിലെ റോഡുകള്‍ അടച്ചിടും. പത്തുമണിക്കൂറാണ് റോഡുകള്‍ അടച്ചിടുന്നത്. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 10 വരെയാണ് റോഡുകള്‍ അടച്ചിടുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകള്‍വീതമാണ് അടച്ചിടുന്നത്. കോഴിക്കോട്ട്‌ ബീച്ച്‌റോഡ്, എരഞ്ഞിപ്പാലം-സരോവരം പാര്‍ക്ക് പി.എച്ച്‌.ഇ.ഡി. റോഡ്, വെള്ളിമാടുകുന്ന്-കോവൂര്‍ റോഡ് എന്നിവയാണ് അടയ്ക്കുന്നത്‌. തിരുവനന്തപുരത്തെ മ്യൂസിയം-വെള്ളയമ്ബലം, കവടിയാര്‍-വെള്ളയമ്ബലം, പട്ടം-കവടിയാര്‍ എന്നീ റോഡുകളും അടയ്ക്കും.

കൊച്ചിയില്‍ ബി.ടി.എച്ച്‌-ഹൈക്കോടതി ജങ്ഷന്‍, പനമ്ബിള്ളി നഗര്‍, കലൂര്‍ സ്റ്റേഡിയം റോഡ് എന്നിവ അടച്ചിടുന്നു. നടത്തവും സൈക്കിള്‍ സവാരിയും മാത്രമാണ് ഈ റോഡുകളില്‍ അനുവദിക്കുക. രാവിലെയായതിനാല്‍ പൂജാരിമാരും പുരോഹിതരും ഉള്‍പ്പെടെ മതപരമായ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ക്കും യാത്രാനുമതിയുണ്ട്. അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രമാണ് ഇന്ന് യാത്രാനുമതിയുള്ളത്.

ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണം എന്ന സര്‍ക്കാര്‍ തീരുമാനം ഇന്നു മുതല്‍ നടപ്പാകുകയാണ്. വാഹന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്.