പ്രതിദിനം 11 മില്യണ്‍ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യയെ കയറ്റുമതി കുറയുന്നത് സാരമായി തന്നെ ബാധിക്കും. കാരണം റഷ്യയുടെ ബജറ്റില്‍ നിര്‍ണായക സ്ഥാനമാണ് എണ്ണ കയറ്റുമതിക്കുള്ളത്. 2021 ല്‍ 110 ബില്യണ്‍ യുഎസ് ഡോളറിലേറെ തുകയാണ് എണ്ണ കയറ്റുമതി ചെയ്ത് റഷ്യ നേടിയത്. പ്രകൃതി വാതക വിപണനത്തില്‍നിന്ന് ലഭിച്ചതിനേക്കാള്‍ ഇരട്ടിയാണിത്.

യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയത് മുതല്‍ ലോകത്തിലെ സാധാരണക്കാര്‍ ഉറ്റുനോക്കുന്നത് എണ്ണവിപണിയിലേക്കാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദകരായ റഷ്യ പ്രതിദിനമുണ്ടാക്കുന്നത് 11 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ്. ഇതില്‍ ഏകദേശം പകുതി എണ്ണ ഉപയോഗിക്കുന്നത് രാജ്യത്തിനകത്തെ ആവശ്യത്തിനാണ്. സൈനിക ആവശ്യത്തിനായി കൂടുതല്‍ ഇന്ധനം വേണ്ടതിനാല്‍ ഇതിലേറെ ഉപയോഗിക്കുന്നുണ്ട്. അതും കഴിഞ്ഞ ശേഷമുള്ള അഞ്ചു മുതല്‍ ആറു മില്യണ്‍ ബാരല്‍ വരെ പ്രതിദിനം റഷ്യ കയറ്റിയയക്കുകയാണ്. യുഎസ്സാണ് ഏറ്റവും വലിയ ഉത്പാദകര്‍. സൗദി അറേബ്യയാണ് മൂന്നാമതുള്ളത്.

റഷ്യ പ്രതിദിനം കയറ്റി അയക്കുന്ന എണ്ണയില്‍ 2.5 മില്യണ്‍ ബാരല്‍ പോകുന്നത് ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍റ്, പോളണ്ട്, ഫിന്‍ലാന്‍റ്, ലിത്വാനിയ, ഗ്രീസ്, റൊമാനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലേക്കാണ്.

ഇവയില്‍ മൂന്നിലൊന്നും ബലറൂസിലെ ധ്രുഷ്ബ പൈപ്പ് ലൈന്‍ വഴിയാണ് യൂറോപ്പിലെത്തുന്നത്. പൈപ്പ് ലൈന്‍ വഴിയുള്ള ഈ ഏഴു ലക്ഷം ബാരലുകളുടെ പണം നല്‍കുന്നത് മുടങ്ങുകയോ ബലറൂസ് അതിര്‍ത്തിയില്‍ അവ സ്വീകരിക്കപ്പെടാതിരിക്കുകയോ ചെയ്യാം. 2019 ല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ സ്വീകരിക്കുന്നത് മാസങ്ങളോളം നിര്‍ത്തിയിരുന്നു. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തന തടസ്സപ്പെടുത്തുന്ന ഓര്‍ഗനിക് ക്ലോറൈഡുകള്‍ എണ്ണയില്‍ അടങ്ങിയതിനാലായിരുന്നു ഈ നടപടി. ധ്രുഷ്ബ അതിര്‍ത്തിയിലൂടെയുള്ള എണ്ണ വിപണനം നിലച്ചതിനാല്‍ അന്ന് റഷ്യയുടെ വരുമാനം കുറഞ്ഞിരുന്നു. ഇതല്ലാതെ വിവിധ തുറമുഖങ്ങളില്‍നിന്ന് കപ്പലുകളിലൂടെയാണ് റഷ്യയുടെ എണ്ണ കയറ്റുമതി നടക്കുന്നത്.

ചൈനയാണ് റഷ്യയില്‍ നിന്ന് എണ്ണ കൂടുതല്‍ വാങ്ങുന്ന മറ്റൊരു കക്ഷി. 1.6 മില്യണ്‍ ക്രൂഡ് ഓയിലാണ് പ്രതിദിനം അവര്‍ വാങ്ങുന്നത്. ഇതില്‍ പകുതിയും കിഴക്കന്‍ സൈബീരിയ പസഫിക് ഓഷ്യന്‍ പൈപ്പ്‌ലൈന്‍ വഴിയാണ് കൈമാറുന്നത്. ഈ പൈപ്പ് ലൈനിന്റെ അവസാനഭാഗത്ത് വെച്ച്‌ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് തുറമുഖം വഴിയും എണ്ണ നല്‍കുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ യുഎസ്സിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അവരുടെ ദേശീയ സ്ട്രാറ്റജിക് ശേഖരത്തില്‍ നിന്ന് എണ്ണ വില്‍പന വര്‍ധിപ്പിക്കാനാകും. നിലവില്‍ യുഎസ് അവരുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍നിന്ന് 1.3 മില്യണ്‍ ബാരല്‍ എണ്ണ ദിനംപ്രതി വില്‍ക്കുന്നുണ്ട്. എണ്ണ വില കുറയ്ക്കുന്നതിനായി ചൈനയും ദേശീയ സ്ട്രാറ്റജിക് സ്‌റ്റോക്കില്‍നിന്ന് എണ്ണ വില്‍ക്കുന്നുണ്ട്. റഷ്യന്‍ എണ്ണ എത്തുന്നില്ലെങ്കില്‍ യുഎസ്സും യൂറോപ്യന്‍ രാജ്യങ്ങളും മധ്യേഷ്യന്‍ രാജ്യങ്ങളുടെ സഹായം തേടും. റഷ്യന്‍ എണ്ണയുടെ അതേ ഗുണനിലവാരമുള്ള മറ്റു എണ്ണ യൂറോപ്പിലേക്ക് വഴിതിരിച്ചുവിടാന്‍ ചൈനയുടെയും ഇന്ത്യയുടെയും മേല്‍ സമ്മര്‍ദ്ദവും ചൊലുത്തും. എണ്ണ വില ഉയരാതിരിക്കാന്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നാണ് ജി സെവന്‍ രാജ്യങ്ങള്‍ കരുതുന്നത്.

അതേസമയം, ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്. അസംസ്കൃത എണ്ണവില ബാരലിന്​ 110 ഡോളര്‍ വരെ ഉയര്‍ന്നു. കരുതല്‍ എണ്ണശേഖരം പുറത്തെടുക്കാനുള്ള അന്താരാഷ്​ട്ര ഊര്‍ജ സമിതി തീരുമാനമൊന്നും പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്​തമായിട്ടില്ല. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇന്ന്​ ചേരും. യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധ നടപടികള്‍ കടുപ്പിച്ചതാണ്​ പൊടുന്നനെ വില ഉയരാന്‍ കാരണം. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുടെ ഊര്‍ജ മേഖലയിലേക്ക്​ കൂടി ഉപരോധം ദീര്‍ഘിപ്പിക്കാനുളള നീക്കത്തിലാണ്​. അങ്ങനെ വന്നാല്‍ എണ്ണവില ബാരലിന്​ 130 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്ന ആശങ്കയാണുള്ളത്​. 2014ന്​ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ്​ വില കുതിച്ചത്​.

എണ്ണ, പ്രകൃതിവാതക കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുന്ന റഷ്യക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവന്നതോടെ യൂറോപ്പില്‍ ഊര്‍ജ കമ്മിയും വര്‍ധിച്ചിരിക്കുകയാണ്​. വിലവര്‍ധന ചെറുക്കാനും കമ്മി നികത്താനും കരുതല്‍ ശേഖരത്തില്‍ നിന്ന്​ 60 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലിറക്കാന്‍ അന്താരാഷ്​ട്ര ഊര്‍ജ സമിതി തീരുമാനിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെ പല ഇറക്കുമതി രാജ്യങ്ങളും ഇത്തരമൊരു നീക്കത്തിനൊപ്പമാണ്​. എന്നാല്‍ അതുകൊണ്ടു മാത്രം വിപണിയില്‍ വലിയ മാറ്റം കൊണ്ടുവരാനാകില്ല. ഉല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ സൗദി അറേബ്യ ഉള്‍പ്പെടെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ശക്​തമാണ്​. ഒപെക്​ നേതൃയോഗം ഇന്ന്​ ചേരാനിരിക്കെ, ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കും എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. അതിനിടെ, ഗള്‍ഫ്​ ആഭ്യന്തര വിപണികളിലും എണ്ണ വില റിക്കാര്‍ഡ്​ കുറിച്ചു. ഇതാദ്യമായി ലിറ്ററിന്​ മൂന്ന്​ ദിര്‍ഹത്തിനു മുകളിലാണ്​ യു.എ.ഇയില്‍ എണ്ണവില്‍പന. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കും വിലവര്‍ധന വലിയ പ്രയാസം സൃഷ്​ടിക്കുന്നുണ്ട്​.