ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: കോവിഡ് ബാധയെത്തുടര്‍ന്നു വിലപ്പെട്ട സമയം നഷ്ടപ്പെട്ട പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ മുന്‍നിരയിലേക്ക് എത്തുന്നു. താന്‍ തികച്ചും ആരോഗ്യവാനാണെന്നും എല്ലാ ആരോഗ്യപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടു തന്നെ പ്രചാരണറാലികളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രംപിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നു പുറത്തിറക്കി. മെഡിക്കല്‍ തലവന്‍ ഡോക്ടര്‍ ഡോ. സീന്‍ കോണ്‍ലിയുടെ നേതൃത്വത്തില്‍ ട്രംപിന്റെ ആരോഗ്യസ്ഥിതി ഇന്നു രാവിലെ വീണ്ടും അവലോകനം ചെയ്തിരുന്നു. ക്വാറന്റൈന്‍ അവസാനിപ്പിക്കുന്നതിനുള്ള സിഡിസി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുഴുവന്‍ സമയ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കും ഭരണജോലികളിലേക്കും കടക്കാവുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ഷെഡ്യൂളുകള്‍ ഇപ്പോള് തയ്യാറാക്കുന്നതെന്നും സീന്‍ പറഞ്ഞു. വൈറ്റ് ഹൗസിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്ന പുതിയ മെമ്മോ ശനിയാഴ്ച രാത്രി പുറത്തിറക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടുത്തയാഴ്ച നടക്കുന്ന പ്രധാന റാലികളില്‍ ട്രംപ് പങ്കെടുക്കും. എന്നാല്‍ ഡെമോക്രാറ്റിക്ക് നോമിനിയുമായുള്ള രണ്ടാം സംവാദം നടക്കുമോയെന്നു വ്യക്തമല്ല. ഒരു വെര്‍ച്വല്‍ മീറ്റിങ്ങിന് താന്‍ ഒരുക്കമാണെന്നു ഡെമോക്രാറ്റിക്ക് പ്രസിഡന്റ് നോമിനി ജോ ബൈഡന്‍ അറിയിച്ചുവെങ്കിലും തനിക്കു താത്പര്യമില്ലെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ഡെമോക്രാറ്റിക്ക് പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച തെരഞ്ഞടുപ്പു പ്രചാരണത്തെ നയിച്ചത്. അതു കൊണ്ടു തന്നെ താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നു വെളിപ്പെടുത്തുകയാണ് ട്രംപിന്റെ പ്രാഥമിക ഉദ്ദേശം. ക്വാറന്റൈന്‍ അവസാനിപ്പിക്കുന്നതിനുള്ള യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മാനദണ്ഡങ്ങള്‍ വളരെ കൃത്യമായി തന്നെ ട്രംപ് പാലിച്ചിട്ടുണ്ടെന്നും പോസിറ്റീവ് പരിശോധന നടത്തിയതിന് ശേഷം വീണ്ടും നെഗറ്റീവ് ഫലം ലഭിച്ചുവെന്നും മെമ്മോ പറയുന്നു. ”ക്വാറന്റൈന്‍ സുരക്ഷിതമായി നിര്‍ത്തലാക്കുന്നതിനുള്ള സിഡിസി മാനദണ്ഡങ്ങള്‍ പ്രസിഡന്റ് പാലിച്ചതിനു പുറമേ, ഇന്ന് രാവിലത്തെ കോവിഡ് പിസിആര്‍ സാമ്പിള്‍, നിലവില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി, മറ്റുള്ളവര്‍ക്ക് വൈറസ് പകരാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി,” ആരോഗ്യ അറിയിപ്പ് പുറത്തിറക്കി കൊണ്ട് ഡോ. സീന്‍ കോണ്‍ലി വ്യക്തമാക്കി. ലക്ഷണങ്ങള്‍ ആരംഭിച്ചിട്ടു 10 ദിവസം കഴിഞ്ഞുവെന്നും കഴിഞ്ഞ 24 മണിക്കൂറിലധികമായി അദ്ദേഹം പനിരഹിതനാണെന്നും വൈറസ് സജീവമായി ആവര്‍ത്തിക്കുന്നതിന് തെളിവുകളില്ലെന്നും ഡയഗ്നോസ്റ്റിക് പരിശോധനകള്‍ക്ക് ശേഷം ഡോ. കോണ്‍ലി പറഞ്ഞു.

”സബ്ജനോമിക് എംആര്‍എന്‍എ” ട്രംപിന്റെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. അതു കൊണ്ടു തന്നെ പൂര്‍ണ്ണമായും കോവിഡ് മുക്തനാണ് അദ്ദേഹമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വൈറസുകള്‍ പകര്‍ത്തുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന തന്മാത്രകളാണ് അവ. അവയുടെ അഭാവം ട്രംപിന്റെ ശരീരത്തില്‍ ഇനി വൈറസ് ഉത്പാദിപ്പിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ കോവിഡിനെ അതിജീവിക്കാനായി പ്രസിഡന്റിനു നല്‍കിയ നൂതന ഡയഗ്നോസ്റ്റിക് പരിശോധനകള്‍ എന്താണെന്ന് ഡോ. കോണ്‍ലി പൂര്‍ണ്ണമായി വിശദീകരിച്ചിട്ടില്ല. ഉദാഹരണത്തിന്, വൈറസ് കള്‍ച്ചര്‍ ചെയ്തപ്പോള്‍ ലഭിച്ച ഫലത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സജീവമായ വൈറസ് ഉണ്ടോ എന്ന് അറിയാന്‍ ശാസ്ത്രജ്ഞര്‍ ജീവനുള്ള കോശങ്ങളെ പരിശോധിക്കുന്ന പ്രക്രിയയാണിത്. എന്നാല്‍ സിഡിസി മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, സുഖം പ്രാപിച്ച് കഴിഞ്ഞിട്ടും പിസിആര്‍ പരിശോധനകള്‍ക്ക് വൈറസില്‍ നിന്ന് ജനിതക വസ്തുക്കള്‍ എടുക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 10-20 ദിവസത്തിനുശേഷം ഈ ആളുകള്‍ പകര്‍ച്ചവ്യാധിയുണ്ടാകാന്‍ സാധ്യതയില്ല. പിസിആര്‍ പരിശോധനകള്‍ പോസിറ്റീവായി തിരിച്ചെത്താമെങ്കിലും, 10-20 ദിവസത്തെ ചികിത്സയിലൂടെ ശരീരം സുഗമമായി നിലനിന്നാല്‍ രോഗികള്‍ പകര്‍ച്ചവ്യാധി വാഹകരാകില്ലെന്ന് ഗവേഷണം കണ്ടെത്തി.

കോവിഡ്മുക്തനായ ട്രംപ് പ്രചാരണ പാതയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഡോ. കോണ്‍ലിയില്‍ നിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. അതു കൊണ്ടു തന്നെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹോപോഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഡെമോക്രാറ്റിക്ക് പ്രചാരണത്തെ മറികടക്കുകയാണ് തന്റെ ഉദ്ദേശമെന്നും ട്രംപ് പറയുന്നു. പ്രചാരണപരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ സംസാരിച്ചത്. രോഗനിര്‍ണയത്തിനുശേഷം ട്രംപ് ശനിയാഴ്ച തന്റെ ആദ്യ പൊതു പരിപാടി സംഘടിപ്പിച്ചു, വൈറ്റ് ഹൗസിന്റെ സൗത്ത് പുല്‍ത്തകിടിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കൂട്ടം പിന്തുണക്കാര്‍ക്ക് വളരെ ചെറിയ രാഷ്ട്രീയ പ്രസംഗം നടത്തി. ഫ്ലോറിഡയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന മൂന്ന് വ്യക്തിഗത റാലികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നു കരുതുന്നു. എന്നാല്‍, ‘സജീവമായ ഒരു ഷെഡ്യൂളിലേക്ക് മടങ്ങുമ്പോള്‍’ ട്രംപിനെ നിരീക്ഷിക്കുന്നത് തുടരുമെന്ന് ഡോ. കോണ്‍ലി പറയുന്നു.

വൈറസ് ചികിത്സയ്ക്ക് ശേഷം ഈ ആഴ്ച ആദ്യം ആശുപത്രിയില്‍ നിന്ന് മടങ്ങുന്ന ട്രംപ്, വെള്ളിയാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ദ്രുതഗതിയിലുള്ള ചികിത്സ കൊണ്ടു താന്‍ സുഖം പ്രാപിച്ചുവെന്ന് അറിയിച്ചു. ”ഞാന്‍ വളരെ നേരത്തെ ആശുപത്രി കിടക്കയില്‍ നിന്നും പ്രചാരണത്തിന്റെ മുന്‍നിരയിലേക്ക് എത്തിയെന്നതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം,” അദ്ദേഹം മെഡിക്കല്‍ കോണ്‍ട്രിബ്യൂട്ടര്‍ ഡോ. മാര്‍ക്ക് സീഗലിനോട് പറഞ്ഞു. ഇതിനിടെ, ട്രംപിന് വൈറ്റ് ഹൗസില്‍ ഒരു പരീക്ഷണാത്മക മോണോക്ലോണല്‍ ആന്റിബോഡി തെറാപ്പിയുടെ അടിയന്തിര ഡോസ് ലഭിച്ചുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുമ്പോള്‍ ആന്റിവൈറല്‍ മരുന്ന് റിമെഡെസിവിര്‍, സ്റ്റിറോയിഡ് ഡെക്സമെതസോണ്‍ എന്നിവയും ഉപയോഗിച്ചു. തെരഞ്ഞെടുപ്പിന്റെ മുന്‍നിരയിലേക്ക് ട്രംപ് എത്തുന്നതിന്റെ ആവേശത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. അല്‍പ്പം പിന്നിലായെങ്കിലും അതൊക്കെയും വൈകിയ വേളയില്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ പരമാവധി സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. അതിന് ട്രംപിന്റെ സാന്നിധ്യം തുണയാകുമെന്നും കരുതുന്നു.



