ഓപ്പറേഷൻ ഗംഗയെന്ന ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ് പോളണ്ടിലെത്തി. യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിൽ അതിർത്തി കടന്നെത്തിയ ഇന്ത്യക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പോളണ്ടിലെ വാഴ്സോയിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയായ ഗുരു സിംഗ് സാഭയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവരെയും കേന്ദ്രസർക്കാർ സുരക്ഷിതരമായി ഇന്ത്യയിലെത്തിക്കുമെന്നും വി.കെ സിംഗ് വിദ്യാർത്ഥികളോട് പറഞ്ഞു.
ഇന്ത്യയുടെ റോഡ് ഗതാഗത-ഹൈവേ സഹമന്ത്രിയും സിവിൽ ഏവിയേഷൻ സഹമന്ത്രിയുമാണ് കരസേന മേധാവിയായിരുന്ന ജനറൽ വിജയ് കുമാർ സിംഗ്. യുക്രെയ്നിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ യഥാസമയം ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.



